പത്തനാപുരം: ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. വളര്‍ത്തുമൃഗങ്ങളെ പിടികൂടി. പുന്നല കടശ്ശേരിയിലാണ് കഴിഞ്ഞദിവസം വൈകീട്ടോടെ പുലിയിറങ്ങിയത്.
കടശ്ശേരി വലിയകാവ് അഞ്ജുഭവനിൽ പ്രദീപിെൻറ പശുവിനെയും കിടാവിനെയുമാണ് പുലി പിടിച്ചത്. വീടിന് സമീപത്ത് പുല്ല് തിന്നാനായി വിട്ട കന്നുകാലികളുടെ കൂട്ടമായ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് പുലിയെ കണ്ടത്. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് പുലി കിടാവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് കയറി.
മുമ്പ് ആന, പന്നി, കരടി, കുരങ്ങ് എന്നീ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ബുദ്ധിമുട്ടിലായിരുന്നു നാട്ടുകാര്‍. ഇതിനിടെയിലാണ് പുലിയുടെ സാന്നിധ്യം. കടശ്ശേരി ഫോറസ്റ്റ് ഓഫിസിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തിനുള്ളിലാണ് പുലി ഇറങ്ങിയത്. കാട്ടുമൃഗങ്ങളിൽനിന്ന് സുരക്ഷ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമാണ്.