കാട്ടാന ചെരിഞ്ഞ സംഭവം; ഒന്നാം പ്രതി കീഴടങ്ങി
text_fieldsശിവദാസന്‍
പത്തനാപുരം: പുന്നല കടശ്ശേരിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തില്‍ ഒന്നാം പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസനാണ് പത്തനാപുരം ഫോറസ്റ്റ് ഓഫിസില്‍ കീഴടങ്ങിയത്. തമിഴ്നാട്ടിലെ പാപനാശം, അംബാസമുദ്രം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് ശിവദാസന്‍ മൊഴി നല്കി. കേസിലെ രണ്ടും മൂന്നും പ്രതികളായ ശിവദാസന്റെ ഭാര്യ പി. സുശീല, മകള്‍ സ്മിത എന്നിവരെ ദിവസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന ഇവരുടെ പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടത്.
പത്തനാപുരം റേഞ്ചിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയില്‍ കടശ്ശേരി ചെളിക്കുഴി വനാതിര്ത്തിയില്വെച്ച് കാട്ടാനയെ ഷോക്കേല്പിച്ച് കൊല്ലാൻ ഇലക്ട്രിക് കമ്പികള്‍ സ്ഥാപിച്ചത് ശിവദാസന്‍, സുശീല, സ്മിത എന്നിവരാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. സംഭവശേഷം കമ്പികൾ സ്ഥലത്തുനിന്ന് അഴിച്ചുമാറ്റി ഒളിപ്പിച്ചത് സുശീലയും സ്മിതയും ചേര്‍ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശിവദാസനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതിയെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.