പത്തനാപുരം: പട്ടാഴി കാട്ടാമലയില്‍ കരടിയിറങ്ങിയതായി അഭ്യൂഹം. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് പരിശോധന നടത്തും. പട്ടാഴി കുളപ്പാറ കുക്കുഴിയിലെ ജനവാസകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം കരടിയെ കണ്ടതെന്നാണ് വിവരം.
ടാപ്പിങ് തൊഴിലാളിയായ പ്രദേശവാസി സതീഷാണ് രാത്രി വീടിന് സമീപത്തായി കരടിയെ കണ്ടത്. ശബ്ദം കേട്ട് ടോർച്ച് തെളിച്ചപ്പോൾ കരടി ഓടിപ്പോകുകയായിരുന്നു. പരിഭ്രാന്തനായ സതീഷ് സമീപവാസികളെയും പത്തനാപുരം വനം റേഞ്ച് ഓഫിസിലും വിവരമറിയിച്ചു. രണ്ടുദിവസം മുമ്പും പ്രദേശത്ത് അജ്ഞാതജീവിയെ കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കരടിയുടെ സാന്നിധ്യമുണ്ടോയെന്നറിയാൻ വനപാലകരെത്തി പരിശോധന നടത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.