പത്തനാപുരം: സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തില്‍ സംശയങ്ങൾ ബാക്കി. കോവിഡ് സ്റ്റെപ്ഡൗൺ ട്രീറ്റ്മെൻറ് സെൻററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന മുരുകാനന്ദൻ ഇവിടെനിന്ന് കടത്തിയതെന്ന് കരുതുന്ന സർജിക്കൽ സ്പിരിറ്റ് സുഹൃത്തുക്കൾക്കൊപ്പം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം. രാത്രി ജോലി കഴിഞ്ഞ് മുരുകാനന്ദൻ തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് പോകവെ കരുതിയ സ്പിരിറ്റ് പ്രസാദ്, ഗോപി എന്നിവരെക്കൂട്ടി രാജീവിെൻറ വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നത്രെ. ബാക്കി തിങ്കളാഴ്ച വൈകീട്ട് ജോലിക്കെത്തിയപ്പോള്‍ തിരികെ കൊണ്ടുവന്നും മുരുകാനന്ദൻ ഉപയോഗിച്ചതായി പറയപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെമുതല്‍ പ്രസാദിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വൈകീേട്ടാടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച കാഴ്ചക്ക് മങ്ങല്‍ അനുഭവപ്പെട്ട മുരുകാനന്ദനെ ആദ്യം പത്തനാപുരത്തെ സഹകരണ ആശുപത്രിയിലെത്തിച്ചു. അവിടെെവച്ച് കാഴ്ച നഷ്ടമായെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെെവച്ച് മുരുകാനന്ദന് മരിച്ചു.
പത്തനാപുരത്തെ എസ്.എഫ്.എല്‍.ടി.സി ആദ്യം ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്. ഇതിലെ പൂട്ടിയിട്ട മുറിയിലാണ് സ്പിരിറ്റ് െവച്ചിരുന്നത്. ഇതെങ്ങനെ സെക്യൂരിറ്റി സ്റ്റാഫിന് ലഭിച്ചെന്നതിൽ സംശയമുണ്ട്. സ്ഥലം പരിശോധിച്ച എക്സൈസ് സംഘം ചെറിയ കന്നാസുകളില്‍ സൂക്ഷിച്ച സ്പിരിറ്റ് നഷ്ടപ്പെട്ടതായി കണ്ടെത്തി. കൊല്ലം റൂറൽ എസ്.പി കെ.ജി. രവി, എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സനു, അസിസ്റ്റൻറ് കമീഷണർ ബി. സുരേഷ് എന്നിവർ പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.