പത്തനാപുരം: അനധികൃത വിദേശമദ്യവില്പനയുടെ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനും പത്രവിതരണക്കാരനും തമ്മില്‍ കൈയാങ്കളി. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കമുകുംചേരി ജങ്ഷന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്, പത്രവിതരണക്കാരന് അഖില്‍ സഹായി എന്നിവരെ പത്തനാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനധികൃത വിദേശമദ്യവില്പന നടക്കുന്നെന്ന വിവരത്തിെൻറ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയതായിരുന്നു എക്സൈസ് സംഘം. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന അഖിലുമായി ഇന്‍സ്പെക്ടര്‍ വാക്കേറ്റമുണ്ടായി. പേര് ചോദിച്ചപ്പോള്‍ താന്‍ ഒരു കേസിലും പ്രതിയല്ലെന്നും പേര് പറയേണ്ട ആവശ്യമില്ലെന്നും പറഞ്ഞതിന് ഇന്‍സ്പെക്ടര്‍ വാഹനത്തില്‍ കയറ്റി മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നും ഇയാൾ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, അനധികൃതമായി മദ്യവിൽപന നടത്തുന്നതറിഞ്ഞ് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ തടയുകയും തന്നെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്ന് റേഞ്ച് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ് പറഞ്ഞു.
ഡ്യൂട്ടി തടസ്സപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ പ്രതി രക്ഷപ്പെട്ടതായും പത്തനാപുരം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുന്നിക്കോട് എക്സൈസ് റേഞ്ച് ഓഫിസ് ഉപരോധിച്ചു. പത്തനാപുരം താലൂക്കാശുപത്രിയിലെത്തിയ എക്സൈസ് ഇന്‍സ്പെക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പത്തനാപുരം സി.ഐ രാജീവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. പത്തനാപുരം പൊലീസ് കേസെടുത്തു.