കാല് വേദനയുമായി എത്തിയ വീട്ടമ്മക്ക് ആന്റിവെനം കുത്തിവെച്ചു; കൈയുടെ ചലനശേഷി നഷ്ടമായെന്ന് പരാതി
text_fieldsആന്റിവെനം കുത്തിവച്ചതിനെ തുടർന്ന് കൈക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്ന ഉഷ
പത്തനാപുരം: കാല് വേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തിയ വീട്ടമ്മക്ക് ആന്റിവെനം കുത്തിവച്ചതിനെ തുടർന്ന് വലതു കൈയുടെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെട്ടതായി പരാതി. നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയിലാണ് ഗുരുതരമായ ചികിത്സപിഴവ് ഉണ്ടായത്.
ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് സംഭവം നടന്നത്. വലതു കാൽപത്തിയിൽ ചെറിയ നീരും വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പുന്നല കരിമ്പാലൂർ വിശാഖ് ഭവനിൽ ഉഷ (43) പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ എത്തുന്നതിനു മൂന്ന് ദിവസം മുമ്പ് തന്നെ കാലിന് വേദന ഉണ്ടായിരുന്നതായി വീട്ടമ്മ പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ കാൽപ്പത്തിയിലെ ചെറിയ പാട് കണ്ട് പാമ്പ് കടിച്ചതാണെന്ന് ഡോക്ടർ ഉറപ്പിക്കുകയായിരുന്നുവത്രെ. പാമ്പ് കടിയേറ്റിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും 'ആന്റി സ്നേക്ക് വെനം 2 വയൽ' നൽകുകയുമായിരുന്നു. അജ്ഞാത ജീവിയുടെ കടിയേറ്റെന്ന് ആശുപത്രിയിൽ നിന്നും നൽകിയ ഡിസ്ചാർജ് സമ്മറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ദിവസം കഴിഞ്ഞ് മാർച്ച് ആറിന് വീട്ടിലെത്തിയപ്പോൾ കലശലായ വേദന അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ തിരിച്ചെത്തുകയും ചെയ്തു. ആ സമയം ആദ്യം ചികിത്സിച്ച ഡോക്ടർ സ്ഥലത്ത് ഇല്ലാത്തതിനാൽ വീണ്ടും ഐ.സി.യു വിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അതിന് തയാറാകാതെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്ന് ഉഷ ‘മാധ്യമ’ ത്തോട് പറഞ്ഞു.
എന്നാൽ, അപ്പോഴേക്കും വലതുകൈയുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് തിരുവല്ലയിലേക്ക് മാറ്റി കൈ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. എങ്കിലും കൈയുടെ ചലന ശേഷി പൂർണമായും തിരിച്ചു കിട്ടിയിട്ടില്ല. കൈ പൂർണ്ണമായും പുറകോട്ട് ചലിപ്പിക്കാൻ കഴിയില്ല. വിരലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ ഭാഗ്യമാണെന്ന് ഉഷ പറയുന്നു.
പാമ്പ് കടിയേറ്റില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ആന്റിവെനം കുത്തിവച്ചത് എന്തിനെന്ന് അറിയില്ലെന്ന് ഉഷ പറഞ്ഞു. ആശുപത്രിക്കും ഡോക്ടർക്കെതിരെയും നിയമ നടപടി ആരംഭിച്ചതായി ഉഷയുടെ അഭിഭാഷകൻ അറിയിച്ചു. അതേസമയം ഉഷ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടതായി ഡോക്ടർ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതായി ഇ.എം.എസ് സഹകരണ ആശുപത്രി അധികൃതർ അറിയിച്ചു. പണം ആവശ്യപ്പെട്ടന്ന് കാണിച്ച് ഡോക്ടർ ഉഷക്കെതിരെ പത്തനാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

