ഗണേഷ്കുമാര് എം.എല്‍.എയുടെ ഓഫിസില്‍ അക്രമം, ഒരാൾ പിടിയില്‍
text_fieldsപത്തനാപുരം: കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എയുടെ ഓഫിസിൽ ആക്രമണം. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ആവണീശ്വരം പുളിക്കമല മണിഭവനിൽ ഗോപാലപിള്ളയുടെ മകൻ രാജീവ് എന്ന് വിളിക്കുന്ന രതീഷ്കുമാറിനെ അറസ്റ്റ് ചെയ്തു.
പത്തനാപുരം അത്തലവടക്കേതില് ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രതീഷ് മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. പുലർച്ച മൂന്നിന് ഓഫിസ് മുറ്റത്ത് എത്തിയ രതീഷിനോട് ജീവനക്കാരന് റിയാദ് കാര്യം അന്വേഷിച്ചപ്പോൾ മഴയായതിനാൽ കയറിയതാണെന്നും ഉടന്‍ പോകുമെന്നും അറിയിച്ചു. രാവിലെ ഓഫിസ് തുറന്നിറങ്ങിയപ്പോഴും പുറത്ത് നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്യവെ ആക്രമിക്കാൻ ശ്രമിച്ചു. ജീവനക്കാരൻ വേഗം െപാലീസില്‍ വിവരമറിയിച്ചപ്പോഴേക്കും അക്രമി ടെറസിന് മുകളില്‍ കയറി. ബഹളം കേട്ട് സമീപവാസികളും പ്രവര്‍ത്തകരും എത്തി.
അഗ്നിശമനസേനാംഗങ്ങളും പൊലീസും ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തി. ഇതിനിടെയാണ് പ്രവര്‍ത്തകനായ ബിജുവിന് പ്ലയര്‍കൊണ്ട് തലക്ക് മര്‍ദനമേറ്റത്. ബിജുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി.

