പത്തനാപുരം: സ്വകാര്യഭൂമിയുടെ അതിര്‍ത്തിയില്‍ കെട്ടിയിരുന്ന മുള്ളുവേലിയിൽ കുറുക്കന്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന സംഘം രക്ഷപെടുത്തി. മഞ്ഞക്കാല സജീഷ് ഭവനിൽ സജിമോൻ എന്നയാളുടെ വീടിന് സമീപമുള്ള മുള്ളുവേലിയിൽ കഴിഞ്ഞ രാത്രിയിലാണ് കുറുക്കൻ അകപ്പെട്ടത്. മുന്‍കാലുകള്‍ വേലിയുടെ കമ്പിയ്ക്കുള്ളില്‍ കുരുങ്ങി ഓടാന്‍ കഴിയാത്താവസ്ഥയിലായിരുന്നു.
രാവിലെ ശബ്ദം കേട്ട് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് കുറുക്കനെ കണ്ടത്. അക്രമകാരിയായതിനാല്‍ ആരും തന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ആവണീശ്വരം ഫയര്‍ഫോഴ്സ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. കുറുക്കനെ ഷിയേഴ്സിന്‍റെ സഹായത്തോടെ കമ്പി മുറിച്ച് സംഘം രക്ഷപ്പെടുത്തി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുറുക്കനെ രക്ഷിക്കാനായത്.
സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ മുഹമ്മദ് റാഫി, സന്തോഷ്, സുമോദ്, ഉമർ, വിക്രമൻ എന്നിവരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.