കാട്ടാന ആക്രമണം: രക്ഷപ്പെടാൻ ദമ്പതികൾ മരമുകളിൽ അഭയം തേടി
text_fieldsകാട്ടാന ആക്രമണത്തെ തുടർന്ന് മരമുകളിൽ അഭയം തേടിയ ദമ്പതികളെ വനപാലക സംഘം രക്ഷപെടുത്തിയപ്പോൾ
പത്തനാപുരം: വന വിഭവശേഖരണത്തിന് പോയ ദമ്പതികൾ കാട്ടാന ആക്രമണത്തിൽ നിന്നും അത്ഭുകരമായി രക്ഷപെട്ടു. മരമുകളിൽ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകൾക്ക് ശേഷം വനപാലക സംഘം രക്ഷപ്പെടുത്തി. പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരൻ, റംസ എന്നിവരാണ് വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനകൂട്ടത്തിനു മുന്നിൽ അകപ്പെട്ടത്. കാട്ടാന കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികൾ വനത്തിനുള്ളിലെ തേക്ക് മരത്തിൽ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് കരുണാകരൻ മണ്ണാറപ്പാറ റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയമെല്ലാം കാട്ടാനകൂട്ടം ഇവർ കയറിയ മരചുവട്ടിൽ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും കാട്ടാനകൾ പിന്മാറിയില്ല. മണിക്കൂറുകൾക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു. മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം.
കിഴക്കൻ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുൻപാണ് കടശ്ശേരിയിൽ അച്ഛനും മകളും കാട്ടാന ആക്രമണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ സൗരവേലി നിർമ്മിക്കുന്ന നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ, രാപകൽ വ്യത്യാസമില്ലാതെ റോഡിലിറങ്ങുന്നതും വ്യാപകമായതോടെ ജീവിതം വഴിമുട്ടിയ നിലയിൽ കഴിഞ്ഞു കൂടുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

