പത്തനാപുരം: പുന്നല കടശ്ശേരിയിൽ കാണാതായ രാഹുലിെൻറ വീട്ടിൽ യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം സന്ദർശനം നടത്തി.
വിഷയത്തിൽ ജില്ല റൂറൽ പൊലീസ് മേധാവിയിൽനിന്ന് യുവജന കമീഷൻ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. കടശ്ശേരിയിൽ വനാതിർത്തിയിലാണ് രാഹുലും കുടുംബവും താമസിക്കുന്നത്. ആഗസ്റ്റ് 19ന് രാത്രി മുതലാണ് രാഹുലിനെ കാണാതായത്.
വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ പൊലീസും വനംവകുപ്പും ആദ്യഘട്ടത്തിൽ വനത്തിൽ തിരച്ചിൽ നടത്തിയിരുന്നു. ഉൾവനത്തിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ഈ വർഷമാണ് രാഹുൽ പ്ലസ് ടു പരീക്ഷ വിജയിച്ചത്. ഉന്നതപഠനത്തിന് തയാറെടുക്കുന്നതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ രാഹുലിനെ കാണാതായത്.