ക്ഷേത്രവളപ്പിൽ അക്രമിയുടെ അഴിഞ്ഞാട്ടം; പൊലീസ് ജീപ്പ് ഉൾപ്പെടെ തകർത്തു
text_fieldsഫോറൻസിക് വിദഗ്ധർ തെളിവ് ശേഖരിക്കുന്നു
പത്തനാപുരം: ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി പൊലീസ് ജീപ്പ് ഉൾപ്പെടെ തകർത്ത സംഭവത്തിൽ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
വളർത്തുനായുമായി ക്ഷേത്രത്തിലെത്തിയ സത്യൻമുക്ക് സ്വദേശി ദേവൻ സജീവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ക്ഷേത്രമുറ്റത്ത് കിടന്ന ശിവാനന്ദന്റെ വാനും പിക്കപ്പും തകര്‍ത്ത ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തെത്തിയ പൊലീസുമായും ഇയാൾ തർക്കത്തിലായി. ഇയാളുടെ ജീപ്പ് അമിത വേഗത്തില്‍ ഓടിച്ച് പൊലീസ് ജീപ്പിൽ ഇടിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ ചാടി രക്ഷപ്പെട്ടു. പൊലീസ് ഡ്രൈവർ അനീഷിന്റെ കാലിന് പരിക്കേറ്റു. എസ്.ഐ ഷാനവാസ് ഖാൻ, സി.പി.ഒ നിഖിൽ എന്നിവർക്കും പരിക്കേറ്റു.
സംഭവത്തിനുശേഷം വാഹനവുമായി കടന്ന സജീവനെ പിടികൂടാനായില്ല. അമിതവേഗതയില്‍ പോകുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനത്തില്കൂടി ഇയാള്‍ ജീപ്പ് ഇടിപ്പിച്ചു. ഫോറൻസിക് വിഭാഗം എത്തി തെളിവുകൾ ശേഖരിച്ചു. കാപ കേസ് പ്രതിയായിരുന്ന സജീവന് പൊലീസിനെ ആക്രമിച്ചതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്നെന്നും ഉടന്‍ പിടികൂടുമെന്നും പത്തനാപുരം എസ്.എച്ച്.ഒ ആര്. ബിജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

