അന്ന് കാൽപന്ത് കളിയിലെ ഡിഫൻഡർ ഇന്ന് ആശുപത്രി കാവൽക്കാരൻ
text_fields1. തന്റെ പോസ്റ്റിലേക്ക് ഗോളടിക്കാനുള്ള എതിർ ടീമിന്റെ ശ്രമം പ്രതിരോധിക്കുന്ന രാധാകൃഷ്ണൻ (ഫയൽ) 2. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ
രാധാകൃഷ്ണൻ
പത്തനാപുരം: ലോക കപ്പ് ഫുട്ബാൾ ആവേശപെരുന്നാളായി പച്ചപ്പുവിരിച്ച മൈതാനങ്ങളിൽ പന്തുരുളുമ്പോൾ, ഹൃദയമിടിപ്പോടെ മത്സരങ്ങളെ നോക്കിക്കാണുകയാണ് പഴയ ഡിഫൻഡർ രാധാകൃഷ്ണൻ. അന്നൊക്കെ ഗോൾപോസ്റ്റിൽ കാവലായിരുന്നെങ്കിൽ ഇന്ന് ജീവിതമാർഗം തേടി സ്വകാര്യആശുപത്രിയിലെ കാവൽക്കാരനായി മാറി പത്തനാപുരം ഇടത്തറ തെങ്ങുംവിളയിൽ രാധാകൃഷ്ണൻ(62).
1977ൽ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ ടീമിലൂടെയാണ് ഫുട്ബാൾ ജഴ്സി അണിഞ്ഞിറങ്ങിയത്. ജൂനിയർ, സീനിയർ ടീമുകൾക്ക് വേണ്ടി ജില്ല, സംസ്ഥാന തലംവരെ നൂറുകണക്കിന് മൈതാനങ്ങളിൽ ഡിഫൻഡറായിരുന്നു ഇദ്ദേഹം. പിന്നീട് പത്തനാപുരം കേന്ദ്രീകരിച്ചുള്ള ടൗൺ ഫുട്ബാൾ ക്ലബിൽ റഫറിയായും സാന്നിധ്യം അറിയിച്ചു.
കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരള ടീമിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും കേരളത്തിലെ ഫുട്ബാൾ അസോസിയേഷനുകൾ തമ്മിലുള്ള വടംവലിയിൽ തഴയപ്പെട്ടെന്ന് രാധാകൃഷ്ണൻ പറയുന്നു.
1991-92ൽ ഗോവയെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ആ വിജയത്തിൽ പങ്കാളിയാകാൻ കഴിയാത്തതിന്റെ വിഷമം ഇന്നുമുണ്ട്. കേരളത്തിലെ വിവിധ ക്ലബുകൾക്ക് വേണ്ടി ജഴ്സി അണിഞ്ഞിട്ടുള്ള രാധാകൃഷ്ണൻ, പത്തനാപുരം ടൗണിൽ അഞ്ചുവർഷം ട്രാഫിക് വാർഡനായും ജോലി നോക്കി. കുടുംബം പോറ്റാനായി ഇപ്പോൾ പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്. അർജന്റീന വീണ്ടും ലോകകപ്പിൽ മുത്തമിടുമെന്ന വിശ്വാസത്തിലാണ് രാധാകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

