പത്തനാപുരം വിദ്യാഭ്യാസ ഉപജില്ല യാഥാർഥ്യമാകുന്നു
text_fieldsപത്തനാപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ പത്തനാപുരം ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല യാഥാർഥ്യമാകുന്നു. തത്വത്തിൽ സർക്കാർ അംഗീകാരം ലഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ ഉത്തരവ് ഇറങ്ങാനാണ് സാധ്യത.
താലൂക്ക് രൂപീകൃതമായി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച വിദ്യാഭ്യാസ ഉപജില്ല കടലാസിലുറങ്ങുന്നതായ വാർത്ത ആഗസ്ത് 10 ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പുനലൂർ താലൂക്ക് കേന്ദ്രീകരിച്ച് രണ്ട് വിദ്യാഭ്യാസ ഉപജില്ല പ്രവർത്തിക്കുമ്പോഴാണ് പത്തനാപുരം താലൂക്കിനെ അവഗണിച്ചിരുന്നത്. ഡി.സി.സി സെക്രട്ടറി എം. ഷെയ്ഖ് പരീതും അധികൃതർക്ക് നിവേദനം നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെ ജ്യോതികുമാർ ചാമക്കാല എം.എൽ.എ ഇടപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി അനുമതി നേടിയെടുക്കുകയായിരുന്നു. താലൂക്കിലെ പത്തനാപുരം, പിറവന്തൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഏകദേശം അമ്പതോളം സ്കൂളുകളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുവാൻ 1999 ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗവ. സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി നിർദേശം 2000ൽ സർക്കാർ തള്ളി.
പത്തനാപുരത്ത് പ്രത്യേക വിദ്യാഭ്യാസ ഉപജില്ലയും എ.ഇ.ഒ ഓഫിസും സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നിർദേശം 2003 ജനുവരി 27ന് വീണ്ടും പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയെങ്കിലും നടപടികൾ പൂർത്തിയാക്കിയില്ല.
കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെട്ട കുളക്കട വിദ്യാഭ്യാസ ഉപജില്ലയിലും പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലുമുള്ള അമ്പതോളം സ്കൂളുകൾ പുതിയതായി അനുവദിക്കുന്ന പത്തനാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുത്താനായിരുന്നു അന്നത്തെ തീരുമാനം. കുളക്കടയിൽനിന്ന് 27 സ്കൂളുകളും, പുനലൂരിൽനിന്ന് 22 സ്കൂളുകളും ഉൾപ്പെടുത്തിയിരുന്നു. നിലവിൽ പത്തനാപുരം താലൂക്കിലെ തലവൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ സ്കൂളുകൾ കൊട്ടാരക്കര താലൂക്കിൽ വരുന്ന കുളക്കട വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ്. പുനലൂർ താലൂക്കിൽ അഞ്ചൽ കേന്ദ്രീകരിച്ച് രണ്ടും, കൊട്ടാരക്കര താലൂക്കിൽ മൂന്നും വിദ്യാഭ്യാസ ഉപജില്ല ഉണ്ടെന്നിരിക്കെ പത്തനാപുരം കേന്ദ്രീകരിച്ച് ഉപജില്ല വേണമെന്നത് വർഷങ്ങളായുള്ള ആവശ്യം ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

