വിവാദങ്ങൾക്കൊടുവിൽ കടുത്തപോരാട്ടം
text_fieldsആലുവിള ബിജു (യു.ഡി.എഫ്), വിഷ്ണു ഭഗത് (എൽ.ഡി.എഫ്), കെ. അജിമോൻ (എൻ.ഡി.എ)
ജില്ല പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരത്തോടെ കടുത്തപോരാട്ടത്തിനാണ് ഡിവിഷനിൽ കളമൊരുങ്ങിയിരിക്കുന്നത്. കേരള കോൺഗ്രസിൽ നിന്നും സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ എതിരാളിയെ തിരിച്ചറിഞ്ഞ് എൽ. ഡി. എഫ് പ്രചാരണത്തിന് മൂർച്ചകൂട്ടി. മുൻ വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് തലവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ആലുവിള ബിജുവാണ് തർക്കത്തിനൊടുവിൽ യു.ഡി.എഫ് സ്ഥാനാർഥിയായത്.
ഡി.സി.സി പ്രസിഡന്‍റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ, കോൺഗ്രസ് പ്രവർത്തകരും സജീവമായി. ആദ്യം യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ വിനീത് വിജയൻ പത്രിക പിൻവലിച്ചില്ലെങ്കിലും പ്രചാരണ രംഗത്ത് ഇറങ്ങിയിട്ടില്ല. വിനീത് വിജയൻ വിളക്കുടി പഞ്ചായത്തിലെ ധർമപുരി വാർഡിൽ മത്സരിക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹം വാർഡ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
എൽ.ഡി.എഫിൽ സി.പി.ഐക്കാണ് സീറ്റ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന വിഷ്ണു ഭഗത് തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണ്. നിലവിൽ എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറിയാണ്. ഒട്ടേറെ സമരമുഖങ്ങളിൽ സി.പി.ഐയുടെ പോരാളിയായി വിഷ്ണു മുൻ നിരയിലുണ്ടായിരുന്നു. ബി.ജെ.പിയും തങ്ങളുടെ സാന്നിധ്യം അറിയിച്ച് രംഗത്തുണ്ടെങ്കിലും ഇന്നുവരെ പതിനായിരം കടക്കാൻ അവർക്കായിട്ടില്ല.
ബി.ഡി.ജെ.എസിന് സ്വാധീനമുള്ള മേഖലയാണ്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം കെ. അജിമോൻ ആണ് ഇവിടെ എൻ.ഡി.എ. സ്ഥാനാർഥി. മുൻ പഞ്ചായത്ത് അംഗവും ദലിത് ആദിവാസി മഹാസഖ്യം ജില്ല പ്രസിഡന്റുമാണ് പോരുവഴി സ്വദേശിയായ അജിമോൻ. പത്തനാപുരം, പിറവന്തൂർ, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലായി 55 വാർഡുകൾ ഉൾപ്പെടുന്നതാണ് പത്തനാപുരം ഡിവിഷൻ. യു.ഡി. ഫിനെയും, എൽ.ഡി.എഫിനെയും മാറിമാറി തുണച്ചിട്ടുള്ള പത്തനാപുരത്ത് കാറ്റ് എങ്ങോട്ട് വേണമെങ്കിലും വീശാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

