റെയിൽവേ സ്റ്റേഷൻ വികസനം; വീർപ്പുമുട്ടി യാത്രക്കാർ
text_fieldsകൊല്ലം റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുമ്പോഴുള്ള തിക്കും തിരക്കും. സമീപത്തായി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കൊല്ലം: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും കൊല്ലം റെയിൽവേ സ്റ്റേഷനിൽ വീർപ്പുമുട്ടി യാത്രക്കാർ. ആധുനിക രീതിയിൽ സ്റ്റേഷന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. എന്നാൽ, യാത്രക്കാർക്ക് കാൽനടക്കാനുള്ള വീതിപോലുമില്ലാതെയാണ് നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകൾ കെട്ടിയടച്ചിരിക്കുന്നത്. ട്രെയിൻ വരുന്ന സമയങ്ങളിൽ ഭീതിയോടെയാണ് യാത്രക്കാർ പ്ലാറ്റ് ഫോമിലൂടെ നടന്നുനീങ്ങുന്നത്. ഒരാൾക്ക് മാത്രം നടക്കാൻ വലിപ്പമേറിയ പ്ലാറ്റ് ഫോമിലൂടെ എതിർ ദിശയിൽ മറ്റൊരാൾ വന്നാൽ കൂട്ടിമുട്ടി ട്രാക്കിലേക്കുവീഴും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോഴാണ് ഏറെ ഭയക്കേണ്ടത്. മുകളിൽ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നു, പിന്നിൽനിന്നും ട്രെയിൻവരുന്നുണ്ടോ എന്ന് ഇടക്കിടെ തിരിഞ്ഞുനോക്കി കഴിച്ചിലാവുകയാണ് യാത്രക്കാരുടെ ദുഃസ്ഥിതി.
കഴിഞ്ഞ ദിവസമാണ് നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്നും ഇരുമ്പ് തൂൺ മറിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്കേറ്റത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും അനിയന്ത്രിതമായ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്. ഒരുവശത്ത് നിർമാണത്തിനായി ജി.ഐ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചതും മറുവശത്ത് ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നുനിൽക്കുന്നതും കാരണത്താലുണ്ടാകുന്ന തിരക്കിൽ അനങ്ങാൻ കഴിയാതെ ട്രെയിനിൽനിന്ന് ഇറങ്ങുന്നവരും കയറുന്നവരും തിങ്ങി ഞെരുങ്ങുകയാണ്.
ഇത്രയധികം യാത്രക്കാർ ഒരേസമയമെത്തുന്ന ട്രെയിനുകൾ മറ്റുപ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുന്നതിനും അധികൃതർ തയാറാകാത്തതാണ് തിരക്കിന് കാരണമെന്നും താത്രക്കാർ ആരോപിക്കുന്നു. വളരെ കുറച്ചുസമയം മാത്രം സ്റ്റേഷനിൽ നിർത്തുന്ന തിരക്കേറിയ ട്രെയിനുകളിൽ കയറാനും ഇറങ്ങാനുമുള്ള തിടുക്കത്തിനിടയിൽ യാത്രക്കാർ പരസ്പരം വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയാവുകയുമാണ്. തിരക്ക് കാരണത്താൽ ഇവിടങ്ങളിലേക്ക് റെയിൽവേ പൊലീസിന് പലപ്പോഴും എത്താൻകഴിയാതെയും പോകുന്നുണ്ട്. തിരക്കൊഴിവാക്കി ട്രെയിനിന്റെ പ്ലാറ്റ്ഫോമില്ലാത്ത വശത്തിലൂടെ ട്രാക്കിലിറങ്ങി ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതും പതിവ് കാഴ്ചയാവുകയാണ്.
യാത്രക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് റെയിൽവേ അധികൃതർ അവകാശപ്പെടുമ്പോഴും ശൗചാലയമുൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിനൽക്കാൻ അധികൃതർക്കായിട്ടില്ല. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് നിന്നുതിരിയാനിടമില്ലാത്തതിനെപ്പം താൽക്കാലികമായെങ്കിലും ഒരു റെസ്റ്റോറന്റുപോലും പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. സ്റ്റേഷനിലെത്തുന്നവർ പലരും ഹോട്ടലുകൾ അന്വേഷിച്ചുനടക്കുന്നതും സ്ഥിരം കാഴ്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

