വാഹന മോഷ്ടാവ് പൊലീസ് പിടിയിൽ
text_fieldsമഹിലാൽ
പാരിപ്പള്ളി: വീട്ടുവളപ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. വിലവൂർകോണം മണ്ണയം നിഥീഷ് ഭവനിൽ മഹിലാൽ (22) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച അടുതലയിലെ വീട്ടിൽ ജോലിക്കായെത്തിയ ബിജോയ് എന്നയാൾ വീടിന്റെ സിറ്റൗട്ടിന് മുൻവശത്തായി പാർക്ക് ചെയ്ത സ്കൂട്ടറാണ് മോഷ്ടിച്ചു കടന്നത്. ജോലി കഴിഞ്ഞ് തിരികെയെത്തിയ ബിജോയ് വാഹനം മോഷണം പോയതായി മനസിലാക്കി പാരിപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
സാഹചര്യ തെളിവുകളുടേയും മറ്റും സഹായത്തോടെ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ പെട്ടെന്ന് പിടികൂടുന്നതിനും മോഷണമുതൽ കണ്ടെത്തുന്നതിനും ഇടയായത്. പാരിപ്പള്ളി സ്റ്റേഷനിൽ മോഷണ കുറ്റത്തിന് ഇയാൾക്കെതിരെ മൂന്ന് കേസുകൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാരിപ്പള്ളി ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

