യുവതികളുടെ മരണം: മകന് ചുംബനം നൽകി അവസാന യാത്ര
text_fieldsകല്ലുവാതുക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ യുവതികളിൽ ഒരാളായ ഗ്രീഷ്മയുടെ മൃതദേഹം ഇത്തിക്കര ആറ്റിൽ നിന്ന് കിട്ടിയപ്പോൾ
പാരിപ്പള്ളി: ബന്ധുക്കളും അയൽവാസികളുമായ യുവതികളുടെ മരണം മേവനക്കോണം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. നവജാതശിശുവിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ആര്യയെയും ഗ്രീഷ്മയെയും കാണാതായത്.
വ്യാഴാഴ്ച കല്ലുവാതുക്കൽ അക്ഷയ േകന്ദ്രത്തിൽ എത്തി ആര്യയുടെ അമ്മക്കുള്ള പെൻഷൻ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സാധനങ്ങൾ വാങ്ങി ഇരുവരും വീട്ടിൽ എത്തി. മകൻ ജിത്തുമോന് ചുംബനം നൽകി ഭർത്താവിനെ വിളിച്ച ശേഷമാണ് ആര്യ കൂട്ടുകാരി ഗ്രീഷ്മക്ക് ഒപ്പം മരണത്തിലേക്ക് യാത്രയായത്.
ഭർത്താവിെൻറ സഹോദരിയുടെ മകളാണ് ഗ്രീഷ്മയെങ്കിലും വലിയ പ്രായവ്യത്യാസം ഇല്ലാത്ത ഇരുവരും ആത്മാർഥ സുഹൃത്തുക്കളായിരുന്നു. ഇരുവരെയും കാണാതായതിന് പിന്നാലെ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു.
വൈകുന്നേരം അഞ്ചോടെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. ഇരുവരും കല്ലുവാതുക്കൽ ജങ്ഷനിൽ എത്തി ഓട്ടോയിൽ യാത്രയായതും ഇത്തിക്കരയിൽ െവച്ച് മൊബൈൽ ഓഫ് ആയതും ഉച്ചക്ക് 12.56ന് ഭർത്താവും ബന്ധുക്കളുമായും ബന്ധപ്പെട്ടതായി സൂചന ലഭിച്ചു. തുടർന്ന് ഇന്നലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽനിന്ന് ലഭിച്ചത്.
ഇവരുടെ മരണത്തോടെ നവജാതശിശുവിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കീറാമുട്ടിയായി മാറുകയാണ്. ജനുവരി അഞ്ചിന് നവജാതശിശുവിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മാതാവ് രേഷ്മ പിടിയിലായിരുന്നു. അന്വേഷണം തുടരവേ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. ഇതോടെ ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങാൻ തയാറെടുക്കുകയാണ് െപാലീസ്.

