കടൽക്ഷോഭം രൂക്ഷം; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
text_fieldsചില്ലയ്ക്കൽ ഭാഗത്ത് കടൽ കരയിലേക്ക് കയറുന്നു
പരവൂർ: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. മുക്കത്തു നിന്ന് ഫൈബർ കട്ടമരത്തിൽ മത്സ്യബന്ധനത്തിനു പോയ പരവൂർ കോങ്ങാൽ മലപ്പുറം മരവിളയിൽ അയ്യൂബി(43)നെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ മത്സ്യബന്ധനത്തിന് പോയപ്പോൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നുവത്രെ. രക്ഷപ്പെടുത്താൻ കഴിയാതായതോടെ മറ്റ് മത്സ്യത്തൊഴിലാളികൾ കരയിലെത്തി വിവരം അറിയിക്കുകയായിരുന്നു.
നീണ്ടകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്ന് കോസ്റ്റൽ പൊലീസ് സംഘമെത്തി കടലിൽ തിരച്ചിൽ നടത്തയെങ്കിലും കണ്ടെത്താനായില്ല. മുക്കം, പരവൂർ ഭാഗങ്ങളിൽ കടൽകയറ്റം രൂക്ഷമാണ്. കടൽ പ്രക്ഷുബ്ദമായതോടെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുക്കം ബീച്ച് ഭാഗത്തും തീരം കടലെടുത്തു കൊണ്ടിരിക്കുകയാണ്.

