പഞ്ചായത്ത് അംഗത്തിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു; കോൺഗ്രസ് പ്രതിഷേധം
text_fieldsവാർഡ് മെംബർ നിഷ ഷമീറിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു
ചടയമംഗലം: പഞ്ചായത്ത് അംഗത്തിന്‍റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതിൽ കോൺഗ്രസ് പ്രവർത്തകർ ചടയമംഗലം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ചടയമംഗലം ടൗൺ വാർഡ് മെംബർ നിഷാ ഷമീറിന്‍റെ വാഹനമാണ് ചടയമംഗലം പൊലീസ് അകാരണമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. ചടയമംഗലത്തെ സ്വകാര്യ വർക്ഷോപ്പിൽ നിർത്തിയിട്ടതായിരുന്നു വാഹനം. ഇത് കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന ഇവരുടെ രണ്ടു മക്കളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് ആരോപണം.
വിവരം പുറത്തറിഞ്ഞതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടയമംഗലം പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി പ്രതിഷേധം തീർത്തു. തുടർന്നു സി.ഐ എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പിന്തിരിയാൻ അവർ തയാറായില്ല. സംഭവത്തിൽ എസ്.ഐ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് ചടയമംഗലം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.എം. നസീർ സംഭവ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചർച്ചയുടെ തീരുമാനത്തിൽ ഇലക്ഷനുശേഷം എസ്.ഐയുടെ ഭാഗം കേട്ടു നടപടിയെടുക്കാമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതുപ്രകാരം പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
എന്നാൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ പരാതിയിൻമേലാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദം. കഴിഞ്ഞദിവസം നടന്ന കൊട്ടിക്കലാശത്തിൽ അമിത ആവേശം വാഹനത്തിൽ കാണിച്ചെന്ന് ആരോപിച്ച് സി.പി.എം ആളുകളാണ് കള്ളക്കേസ് ചുമത്തി വാഹനം കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് ഒത്താശ ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിഷേധത്തിന് കോൺഗ്രസ് വാർഡ് മെംബർമാരായ ശ്യാംരാജ്, ഉണ്ണികൃഷ്ണൻ, നിഷാ ഷമീർ, രാധാകൃഷ്ണൻ തുടങ്ങി കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

