പാലത്തറയിൽ ഉയരപ്പാത നിർമിക്കുന്നത് വെള്ളത്തിൽ മണ്ണിട്ട് നികത്തി
text_fieldsകൊട്ടിയം: പാലത്തറ ഭാഗത്ത് ഉയരപ്പാതനിർമാണം നടത്തുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മണ്ണിട്ട് നിറച്ചെന്ന് ആക്ഷേപം. കായലിൽ നിന്നുള്ള മണ്ണാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇരുവശവും വയൽ പ്രദേശമായതിനാൽ ഉയരപ്പാതക്കായി കുഴിച്ചപ്പോൾ തന്നെ ഊറ്റുവെള്ളം വന്ന് കുഴികൾ നിറഞ്ഞിരുന്നു. ആ കുഴികളിലാണ് ഇപ്പോൾ മണ്ണും തകർന്ന കോൺക്രീറ്റ് കട്ടകളും ഇട്ട് വെള്ളക്കെട്ട് മൂടിയ ശേഷം റോഡ് നിർമിക്കുന്നത്. എത്ര ഉയരത്തിൽ മണ്ണിട്ടാലും ഇത് പെട്ടെന്ന് താഴ്ന്ന് റോഡ് തകരാൻ കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിസിറ്റിക്കടുത്തും വെള്ളം നിറഞ്ഞുകിടന്ന ഭാഗത്ത് മണ്ണിട്ടു നികത്തിയാണ് റോഡ് നിർമിച്ചിട്ടുള്ളത്.
അയത്തിൽ ജങ്ഷനിൽ ഉത്തരവ് ലംഘിച്ച് നിർമാണം; നിർത്തിവെപ്പിച്ച് നാട്ടുകാർ
നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് അയത്തിൽ ഭാഗത്ത് ഉയരപ്പാതയുടെ നിർമാണം നടത്തിയത് പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച ഉച്ചക്കാണ് കലക്ടർ ഇവിടെയും പറക്കുളത്തും സന്ദർശനം നടത്തിയ ശേഷം നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കരാർ കമ്പനി അധികൃതരോട് നിർദേശിച്ചത്. വിദഗ്ധ സമിതിയുടെ പരിശോധനയും പ്രതിഷേധക്കാരുമായി കലക്ടറുടെ കൂടിക്കാഴ്ചയും കഴിയുംവരെ നിർമാണം നടത്തരുതെന്നായിരുന്നു നിർദേശം. എന്നാൽ, ശനിയാഴ്ച രാവിലെ അയത്തിൽ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് കണ്ട നാട്ടുകാരും ജനകീയ സമിതിപ്രവർത്തകരും ചേർന്ന് തടഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ച ശേഷം ഉയരപ്പാതയുടെ ഇരു ഭാഗങ്ങളുമായി രാഷ്ട്രീയപാർട്ടികളുടെ കൊടികൾ നാട്ടി. ജില്ല ഭരണകൂടത്തിന്റെ ഉത്തരവ് ഉണ്ടാകുന്നതിന് മുമ്പ്നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വന്നാൽ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
കൊട്ടിയത്ത് ആണികൾക്ക് മുകളിൽ കിടന്ന് പ്രതിഷേധം
അനിശ്ചിതകാല നിരാഹാര സമരത്തോടൊപ്പം വേറിട്ട സമരവുമായി കൊട്ടിയത്ത് സംയുക്ത സമരസമിതി. കട്ടിലിൽ തറപ്പിച്ച ആണികൾക്ക് മുകളിൽ കയറി കിടന്നു കൊണ്ടാണ്സംയുക്ത സമരസമിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ നജീം സുൽത്താൻ വേറിട്ട സമരം നടത്തിയത്. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എസ്. ഫത്തഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി കൺവീനർ പളനി പത്മ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കബീർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും റിലേ നിരാഹാര സമരം കൊട്ടിയത്ത് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

