Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഐലന്റ്‌ എക്‌സ്‌പ്രസിൽ...

ഐലന്റ്‌ എക്‌സ്‌പ്രസിൽ ​യാത്ര ശ്വാസം മുട്ടി

text_fields
bookmark_border
ഐലന്റ്‌ എക്‌സ്‌പ്രസിൽ ​യാത്ര ശ്വാസം മുട്ടി
cancel

കൊല്ലം: ബംഗളൂരു-കന്യാകുമാരി ഐലന്റ്‌ എക്‌സ്‌പ്രസിൽ (നമ്പർ 16525, 16526) ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്ര ദുഷ്കരമാകുന്നു. ജനറൽ കമ്പാർട്ട് മെന്‍റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം റെയിൽവേ പരിഗണിക്കുന്നേയില്ല. നിന്നുതിരിയാൻ പോലും ഇടമില്ലാതെ തിക്കിലും തിരക്കിലും പെട്ട്‌ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ദുരിതം അനുഭവിക്കുന്നു. കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്‌ എല്ലാ ദിവസവും.

കായംകുളത്തുനിന്നും കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാലാണ് ഇതിൽ തിരക്ക് വർദ്ധിക്കുന്നത്. ബംഗളൂരുവിൽനിന്ന്‌ രാവിലെ 10.10നും 10.15നും കരുനാഗപ്പള്ളിയിലും ശാസ്‌താംകോട്ടയിലും എത്തുന്ന 16526 നമ്പർ ട്രെയിനിൽ തിരക്കുമൂലം പലദിവസങ്ങളിലും യാത്രക്കാർക്ക്‌ കയറിപ്പറ്റാൻതന്നെ കഴിയുന്നില്ല. 10.30ന്‌ കൊല്ലം സ്‌റ്റേഷനിൽ എത്തുന്പോഴും ഇതാണ്‌ അവസ്ഥ. കൊല്ലത്തുനിന്ന്‌ 9.48ന്‌ തിരുവനന്തപുരത്തിന്‌ ചെന്നൈ എക്‌സ്‌പ്രസ്‌ പോയിക്കഴിഞ്ഞാൽ പിന്നെയുള്ളത്‌ കന്യാകുമാരി ഐലന്റ്‌ ആണ്‌. അതുകഴിഞ്ഞാൽ തിരുവനന്തപുരത്തിന്‌ വണ്ടി 11.35ന്‌ പുറപ്പെടുന്ന കന്യാകുമാരി മെമു മാത്രമാണ്‌. അതിനാൽ ഐലന്റ്‌ എക്‌സ്‌പ്രസിൽ കയറിക്കൂടാൻ യാത്രക്കാരുടെ വൻ തിരക്കാണ്.

രാവിലെ 9ന് എറണാകുളം- കൊല്ലം മെമു കഴിഞ്ഞാൽ കരുനാഗപള്ളി, ശാസ്താംകോട്ട സ്റ്റേഷനുകളിൽ നിർത്തുന്ന ട്രെയിനും ഐലന്റ്‌ എക്സ്പ്രസാണ്. കന്യാകുമാരിയിൽനിന്ന്‌ ഉച്ചയ്ക്ക്‌ ബംഗളുരുവിലേക്ക്‌ വരുന്ന 16525 നന്പർ ഐലന്റിന്റെ അവസ്ഥയും ഇതുതന്നെയാണ്‌. പകൽ 11ന്‌ കൊല്ലം-എറണാകുളം മെമുവും 11.55ന്‌ പുണെ എക്‌സ്‌പ്രസും പോയിക്കഴിഞ്ഞാൽ പിന്നെ കോട്ടയം ഭാഗത്തേക്ക്‌ വണ്ടിയുള്ളത്‌ ഐലന്റ്‌ എക്‌സ്‌പ്രസ്‌ മാത്രമാണ്‌. ഈ ട്രെയിനിനായും കൊല്ലം, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി സ്‌റ്റേഷനുകളിൽ കാത്തുനിൽക്കുന്നത്‌ നിരവധി യാത്രക്കാരാണ്‌. ഐലന്റിന്‌ മുന്പിലും പിന്നിലുമായി രണ്ടുവീതം ജനറൽ കമ്പാർട്ടുമെന്റാണുളളത്‌. എന്നാൽ, മുന്നിലെ രണ്ടെണ്ണത്തിൽ ഒരെണ്ണത്തിന്റെ പകുതി ആർ.എം.എസിന്‌ ഒഴിച്ചിട്ടിരിക്കുകയാണ്‌. ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കൂട്ടണമെന്ന്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷനുകളും ജനപ്രതിനിധികളും പലവട്ടം റെയിൽവേക്ക്‌ നിവേദനം നൽകിയിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsIsland ExpressLatest News
News Summary - over crowded passengers in island express train
Next Story