തകർത്ത് പെയ്ത് മഴ; കൊല്ലത്ത് ഓറഞ്ച് അലര്‍ട്ട്
text_fieldsകൊല്ലം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ തകർത്തുപെയ്ത് മഴ. ജില്ലയിലുടനീളം കനത്തമഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ എന്‍.ദേവിദാസ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
നിലവില്‍ പോയവരെ തിരികെയെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ലക്ടര്‍ നിർദേശം നല്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയും അപകടസാധ്യത ലഘൂകരിക്കാനുള്ള നിർദേശങ്ങള്‍ ഉള്‍പ്പെടുത്തിയും കലക്ടര്‍ ഉത്തരവ് ഇറക്കി.
പ്രധാന നിർദേശങ്ങള്‍
- പ്രതികൂല സാഹചര്യത്തില്‍ പരമാവധി വീട്ടില്‍ കഴിയണം.
- ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖല യാത്രകള്‍ പരിമിതപ്പെടുത്തണം.
- ബീച്ചുകളില്‍ എത്തുന്നവർ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം.
- ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്.
- മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
- ചാലുകള്‍, ചപ്പാത്തുകള്‍ എന്നിവയിലൂടെ ശക്തമായ നീരൊഴുക്കുണ്ടെങ്കില്‍ മുറിച്ച് കടക്കരുത്.
- മിന്നലേറ്റ് അപകടം ഒഴിവാക്കുന്നതിന് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം.
- മരങ്ങള്‍ക്ക് താഴെ വാഹനം നിറുത്തിയിടരുത്.
- മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
- ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ വിമുഖത കാട്ടരുത്.
- പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം.
- കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.
- പുഴകളുടേയും തോടുകളുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
- പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.
കണ്ട്രോള് റൂം നമ്പരുകള്‍
പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി കലക്ടറേറ്റിലെയും താലൂക്കുകളിലേയും കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടാം.
കലക്ടറേറ്റ് കണ്ട്രോള് റൂം: ടോള്‍ ഫ്രീ നമ്പര്‍ 1077, 0474 2794002, 2794004, 9447677800.
താലൂക്ക് കണ്ട്രോള് റൂമുകള്‍: കൊല്ലം- 0474-2742116, 9447194116, കരുനാഗപ്പള്ളി- 0476-2620223, 9497135022, കുന്നത്തൂര്‍- 0476-2830345, 9447170345, കൊട്ടാരക്കര- 0474-2454623, 9447184623, പത്തനാപുരം- 0475-2350090, 9447191605, പുനലൂര്‍- 0475-2222605, 8547618456.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

