അഞ്ചൽ മേഖലയിൽ തസ്കരവിളയാട്ടം; ഒരാൾ അറസ്റ്റിൽ
text_fieldsഅഞ്ചൽ: അഞ്ചൽ മേഖലയിലെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങളുടെ പരമ്പര. വ്യാപാര സ്ഥാപനങ്ങളിലാണ് ഏറെയും കവർച്ച നടന്നിട്ടുള്ളത്. അവസാനമായി നടന്നത് ഏരൂർ പത്തടിയിലാണ്. ഇവിടെയുള്ള പച്ചക്കറിക്കട, പലചരക്ക് കട, മീൻകട, വളം ഡിപ്പോ എന്നിവിടങ്ങളിലാണ് ഒരേ ദിവസം കവർച്ചനടന്നത്. പലചരക്ക് കടയിൽ നിന്നും നിത്യോപയോഗ സാധനങ്ങളും മറ്റും കവർന്നു. മറ്റുള്ള കടകളിലും കയറി സാധനങ്ങൾ മോഷ്ടിക്കുകയും പൂട്ട് പൊളിച്ചിട്ടുകയും ചെയ്ത നിലയിലായിരുന്നു.
പച്ചക്കറിക്കടയിൽ നിന്നും 58,000 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഒരു കുട , കൈലി എന്നിവ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയിൽ ഇടമുളക്കൽ വൃന്ദാവനം മുക്കിലെ സ്റ്റേഷനറിക്കട, തൊട്ടടുത്ത പവർ ടൂൾസ് വാടകക്ക് കൊടുക്കുന്ന കട, നെടുങ്ങോട്ടുകോണത്തെ മാടക്കട എന്നിവിടങ്ങളിൽ നിന്നും സാധനങ്ങളും പണവും മോഷ്ടിക്കപ്പെട്ടു.
ഇതിന് തലേദിവസമാണ് പൊടിയാട്ടുവിള കോവിൽ മുക്കിലെ ക്ഷേത്രത്തിലും വാളകം റേഷൻ കടമുക്കിലെ പലചരക്ക് കടയിലും തൊട്ടടുത്ത ലോട്ടറിക്കടയിലും സമീപത്തെ ഒരു വീട്ടിലും കർവച്ചനടന്നത്. ഇവിടത്തെ നിരീക്ഷണ കാമറ പരിശോധിച്ചതിൽ മുഖംമറച്ച് വിവസ്ത്രനായ ഒരാൾ കടയ്ക്കുള്ളിൽ കടന്ന് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഏതാനും ദിവസം മുമ്പ് ഇടമുളക്കൽ ഗവ. എൽ.പി സ്കൂളിലും കവർച്ച നടന്നിരുന്നു. ഇവിടെ നിന്നും ലാപ്ടോപ്പും അനുബന്ധ സാധനങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ അഞ്ചൽ പൊലീസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ, ചണ്ണപ്പേട്ട പോത്തൻപാറയിലെ വെയിറ്റിങ് ഷെഡിൽ സംശയാസ്പദമായികണ്ട ഒരാൾ പിടിയിലായി.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചണ്ണപ്പേട്ട മണക്കോട്ട് മരുതിവിള പുത്തൻവീട്ടിൽ ബാബു (വെള്ളംകുടി ബാബു - 56) പിടിയിലായത്. ഇയാളുടെ സഞ്ചിയിൽ നിന്നും ഇരുമ്പ് ഉളി, കമ്പിപ്പാര , സ്ക്രൂ ഡ്രൈവർ, വെട്ടുകത്തി, റബർ ഗ്ലൗസ് എന്നിവ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. നേരത്തേ നടന്ന മോഷണങ്ങളിൽ ബാബുവിന് പങ്കുണ്ടോയെന്നുള്ള കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

