ഓണാട്ടുകരയിൽ ഓണാവേശം ഓച്ചിറയിൽ നാളെ കാളകെട്ടുത്സവം
text_fieldsകെട്ടുത്സവത്തിനായി പ്രയാർ വടക്ക് കരയിൽ നിർമാണം പൂർത്തിയായ ശിവപ്രിയൻ കെട്ടുകാളകൾ
കരുനാഗപ്പള്ളി: തിരുവോണം കഴിഞ്ഞ് നാടാകെ തിരക്കൊഴിയുമ്പോഴും ഓണാട്ടുകരക്കാർക്ക് ആഘോഷത്തിന്റെ പാരമ്യമാണ്. ഇരുപത്തെട്ടാം ഓണം വരെ ഇവിടെ ആഘോഷം തന്നെയാണ്. ഓണാട്ടുകരയുടെ ഐതിഹ്യവും കാർഷിക സംസ്കാരവും ഒന്നിക്കുന്ന ഇരുപത്തെട്ടാം ഓണനിറവുമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കെട്ടുത്സവം ബുധനാഴ്ച നടക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലും രാപ്പകലില്ലാതെ നടന്ന കെട്ടുകാളകളുടെ നിർമാണ പൂർത്തീകരണം അവസാന ഘട്ടത്തിലാണ്. ഇരുനൂറിലേറെ കൂറ്റൻ കെട്ടുകാളകളെ അണിയിച്ചൊരുക്കി നാളെ ഓച്ചിറ പടനിലത്തേക്ക് ആനയിക്കാനുള്ള മിനുക്കുപണികളാണ് കരകളിൽ പുരോഗമിക്കുന്നത്.
പകലന്തിയോളം പാടത്ത് പണിയെടുക്കുന്ന കാളക്കൂറ്റന്മാർക്കുള്ള ആദരവാണ് ഓണാട്ടുകരക്കാർക്ക് ഇരുപത്തെട്ടാം ഓണം. വീടുകളിൽ വളർത്തുന്ന കന്നുകാലികളെ അന്നേ ദിവസം എണ്ണ തേച്ച് കുളിപ്പിച്ച്, നല്ല ഭക്ഷണവും നൽകി സൽക്കരിക്കുന്ന അപൂർവമായ കാർഷിക സംസ്കാരത്തിന്റെ പ്രതീകാത്മക രൂപമാണ് ഓച്ചിറയിലെ കെട്ടുത്സവം.
ഒരു മാസത്തോളമെടുക്കുന്ന കഠിനപ്രയത്നത്തിനൊടുവിലാണ് ഒരു ജോഡി കെട്ടുകാളകൾ ജന്മമെടുക്കുന്നത്. തടിയിലും ഇരുമ്പിലും തീർത്ത കൂറ്റൻ ചട്ടക്കൂടുകളിൽ വൈക്കോൽ പൊതിഞ്ഞ്, പൂർണ ആകൃതിയിലാക്കാൻ വിദഗ്ധരായ കലാകാരന്മാർ തന്നെ വേണം. ഇവയുടെ ഗാംഭീര്യമുള്ള തലയെടുപ്പാണ് പ്രധാന ആകർഷണം. വലിയ തുകയും അധ്വാനവും വേണ്ടിവരുന്ന ഒന്നു കൂടിയാണിത്. കെട്ടുകാളകളെ ഒരുക്കുന്ന സംഘാടകർക്ക് ഒരു മാസത്തെ കഠിന വ്രതാനുഷ്ഠാനമുണ്ട്. പ്രത്യേകമായി തയാറാക്കുന്ന പന്തലിൽ കാളകളുടെ ശിരസ്സ് വെച്ച് പ്രാർഥനയോടെയാണ് നിർമാണം തുടങ്ങുക. ഓണാട്ടുകരയുടെ ഗൃഹാതുരത്വം ഉണർത്തുന്ന കാച്ചിൽ, ചേമ്പ്, പുഴുക്ക്, കഞ്ഞി എന്നിവയൊക്കെ കാളമൂട്ടിൽ സൽക്കാരത്തിനായി ഒരുക്കും. കരകളിലെ കാളമൂട്ടുകളെല്ലാം ഇപ്പോൾ തന്നെ ഉത്സവപ്രതീതിയിലാണ്.
ചുവപ്പും വെള്ളയും വസ്ത്രങ്ങൾ ചാർത്തിയ കൂറ്റൻ കെട്ടുകാളകൾ നാളെ ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തും. ഇരുപത്തെട്ടാം ഓണമഹോത്സവത്തോടെയാണ് ഓണാട്ടുകരയിലെ വരാനിരിക്കുന്ന ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

