ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്; കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsവിനീത്, ആദർശ്, വിഷ്ണു
കൊല്ലം: ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ എം.ഡി.എം.എ ഉൾപ്പെടെ ലഹരിമരുന്നുമായി മൂന്നു യുവാക്കൾ പിടിയിലായി. മുഖത്തല നടുവിലക്കര ഭാഗത്തുനിന്നും കാറിൽ 4.355 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും കടത്തിക്കൊണ്ടുവന്ന നടുവിലക്കര അമ്പനാട്ടുവിള വീട്ടിൽ ആദർശ് (31), കൊല്ലം ശക്തികുളങ്ങര ബൈപാസ് റോഡ് ഭാഗത്തുനിന്ന് സ്കൂട്ടറിൽ 0.3230 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കൊല്ലം പേരൂർ വയലിൽ പുത്തൻ വീട്ടിൽ വിഷ്ണു (33), കൊല്ലം പുന്തലത്താഴം ഉല്ലാസ് നഗർ 90ൽ വള്ളിവിള വീട്ടിൽ വിനീത് (29) എന്നിവരെയാണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു. എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസി.എക്സൈസ് കമീഷണർ വി. റോബർട്ടിന് ഈ സ്ഥലങ്ങളിൽ മയക്കുമരുന്ന് വ്യാപാരം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്.
റാക്കറ്റിലെ പ്രധാനി അടക്കം മറ്റുള്ളവരെ കണ്ടെത്താൻ സൈബർ സെൽ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി സി.ഐ ടോണി ജോസ് അറിയിച്ചു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, പ്രിവന്റിവ് ഓഫിസർ ജെ.ആർ. പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ്, ശ്രീനാഥ്, അജിത്ത്, സൂരജ്, ഗോപകുമാർ, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സ്നേഹ സാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

