ക്ലാപ്പനയിൽ വീണ്ടും തെരുവുനായ് ആക്രമണം വയോധികക്ക് ഗുരുതര പരിക്ക്
text_fieldsഓച്ചിറ ക്ലാപ്പനയിൽ തെരുവുനായുടെ കടിയേറ്റ കല്യാണി ആശുപത്രിയിൽ
ഓച്ചിറ: ക്ലാപ്പനയിൽ വീണ്ടും തെരവുനായ് ആക്രമണം. വയോധികക്ക് ഗുരുതരമായി പരിക്കേറ്റു. ക്ലാപ്പന ഇടയമ്പലം കോഴിമുക്ക് കവിയൂർ ക്ഷേത്രത്തിന് സമീപം കുമരശേരിൽ കല്യാണി (74)യെയാണ് തെരുവുനായ് കടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ അയൽ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കടിയേറ്റ് നിലത്തുവീണ കല്യാണിയുടെ മുഖത്തെ മാംസം നായ് കടിച്ചെടുത്തു. തലയിലും കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും സമാന സംഭവമുണ്ടായി. ഇടയനമ്പലം ജംങ്ഷനിൽവെച്ച് ക്ലാപ്പന തെക്ക് ആലുംപീടിക തുണ്ടയ്യത്ത് തെക്കേത്തറയിൽ വാസുദേവനെയും (73), വീടിനു മുന്നിൽനിന്ന ക്ലാപ്പന ഇടയനമ്പലം വല്ലത്ത് ക്ഷേത്രത്തിനു സമീപം കുറുവേലിൽ കിഴക്കതിൽ ഐഷാബീവി (62)യേയും തെരുവുനായ് കടിച്ചിരുന്നു. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിരോധ മരുന്ന് കരുനാഗപ്പള്ളി താലൂക്കിലെ ഒരു സർക്കാർ ആശുപത്രിയിലും ലഭ്യമല്ലാത്തത് ജനങ്ങളിൽ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.

