ആശുപത്രി അധികൃതരുടെ അനാസ്ഥ: കോവിഡ് രോഗിയെന്നറിയാതെ അഞ്ച് നാൾ
text_fieldsഅഞ്ചൽ: കോവിഡ് പരിശോധനാ ഫലം ആശുപത്രി അധികൃതർ യഥാസമയം അറിയിക്കാത്തതിനെത്തുടർന്ന് കോവിഡ് നെഗറ്റീവാണെന്ന ധാരണയിൽ വ്യാപാരിയായ ഗൃഹനാഥനും കുടുംബവും കഴിഞ്ഞത് അഞ്ച് നാൾ. ഇതിനോടകം ഇവരുമായി സമ്പർക്കത്തിലായവർ നിരവധി. അഞ്ചൽ ഇടമുളയ്ക്കൽ കുരിശും മുക്കിൽ വ്യാപരം നടത്തുന്ന ഏറം സ്വദേശിയുടെ കുടുംബമാണ് അപ്രതീക്ഷിതമായി ക്വോറന്‍റീനിലായിരിക്കുന്നത്.
ഏതാനും ദിവസം മുമ്പ് സംശയത്തെത്തുടർന്ന് വ്യാപാരി പുനലൂർ താലൂക്കാശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം പോസിറ്റീവാണെങ്കിൽ രണ്ട് ദിവസത്തിനകം വിളിച്ചറിയിക്കുമെന്നും അല്ലാത്തപക്ഷം നെഗറ്റീവാണെന്ന് കരുതണമെന്നും ആശുപത്രിയിൽ നിന്നും അറിയിച്ചിരുന്നു.
ഇതെത്തുടർന്ന് മൂന്ന് ദിവസം വരെ വ്യാപാര സ്ഥാപനം തുറക്കാതെ വീട്ടിൽത്തന്നെ കഴിയുകയായിരുന്നു വ്യാപാരി. ആശുപത്രിയിൽ നിന്നും അറിയിപ്പുകളൊന്നും വരാത്തതിനെത്തുടർന്ന് പതിവുപോലെ വ്യാപരം തുടരവേയാണ്, അഞ്ചാം ദിവസം ജില്ലാ ആശുപത്രിയിൽ നിന്നും പരിശോധനാ ഫലം പോസിറ്റീവാണെന്നുള്ള അറിയിപ്പു വന്നത്.
ഈ വിവരം പുനലൂർ താലൂക്കാശുപത്രിയിൽ അന്വേഷിച്ചപ്പോൾ, തങ്ങളല്ല ജില്ലാ ആശുപത്രി അധികൃതരാണ് വിവരമറിയിക്കേണ്ടതെന്നും ജില്ലാ ആശുപത്രിയധികൃതർ പറഞ്ഞത് പരിശോധന നടത്തിയ സ്ഥാപനത്തിൽ നിന്നുമാണ് ഫലം അറിയിക്കേണ്ടെതെന്നുമാണ്.
ഇതിനകം തന്നെ നിരവധിയാളുകൾ വ്യാപാര സ്ഥാപനത്തിൽ വന്നു പോയിട്ടുണ്ടെന്നും രോഗിയായ ഭാര്യയും ചെറുമക്കളുമുൾപ്പെടെ ആറ് പേർ കുടുംബത്തിലുണ്ടെന്നും ഇവർക്കെല്ലാം രോഗം പിടിപെട്ടിട്ടുണ്ടാകാമെന്നും വ്യാപാരി സംശയിക്കുന്നു.ഈ വിവരങ്ങളെല്ലാം കാട്ടി ആരോഗ്യ മന്ത്രിക്ക് ഗൃഹനാഥൻ പരാതി നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

