ഓടനാവട്ടം ടൗൺ ശൗചാലയം പ്രവർത്തനരഹിതം; ജനം വലയുന്നു
text_fieldsഓടനാവട്ടം ചന്തക്കുള്ളിലെ ശൗചാലയം
ഓയൂർ: ശൗചാലയം പ്രവർത്തനം നിലച്ചതോടെ വെളിയം പഞ്ചായത്ത് ആസ്ഥാനമായ ഓടനാവട്ടത്ത് ജനം വലയുന്നു. കൊട്ടാരക്കര കഴിഞ്ഞാൽ ഓയൂർ റോഡിലെ പ്രധാന ടൗൺ ആണ് ഓടനാവട്ടം. ജങ്ഷൻ കേന്ദ്രീകരിച്ച് ഇരുന്നൂറോളം കടകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസവും വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തിലധികം യാത്രക്കാരാണ് ജങ്ഷനിൽ വന്ന് പോകുന്നത്. ആശുപത്രികളും സർക്കാർ ഓഫീസുകളും ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ടൗണിലെ ചന്തയ്ക്കുള്ളിലാണ് പഞ്ചായത്ത് ശൗചാലയം. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. പൊതു ജന പരാതിയെ തുടർന്ന് മാലിന്യം കൊണ്ട് നിറഞ്ഞ് അടഞ്ഞ് കിടന്ന ശൗചാലയം ആറ് മാസം മുൻപ് പഞ്ചായത്ത് അധികൃതർ വൃത്തിയാക്കി തുറന്ന് കൊടുത്തിരുന്നു. എന്നാൽ ടൗണിൽ തമ്പടിക്കുന്നവർ യാതൊരു സാമൂഹ്യ ബോധം ഇല്ലാതെ ശൗചാലയം വൃത്തികേടാക്കുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
മുറുക്കി തുപ്പിയും പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം ആവശ്യത്തിന് ജലം ഉപയോഗിക്കാതെയും സ്ഥലം ഉപയോഗ ശൂന്യമാക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിന് പരിഹാരമായി ശൗചാലയം പൂട്ടി സമീപത്തെ കടയിൽ എൽപ്പിച്ചിരിക്കുകയായിരുന്നു. ആവശ്യം ഉള്ളവർക്ക് താക്കോൽ നൽകുകയാണ് പതിവെന്നാണ് അറിയുന്നത്. രണ്ട് വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചാണ് പഞ്ചായത്ത് അറ്റകുറ്റപ്പണികൾ ചെയ്ത് പുതുക്കിയത്. എന്നിട്ടും ജനങ്ങൾക്ക് പൂർണമായും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് വളപ്പിലെ ഇ-ടോയ് ലെറ്റ് വർഷങ്ങളായി പ്രവർത്തന രഹിതമാണ്. അത് സ്ഥാപിച്ച ശേഷം ഇത് വരെ പവർത്തിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

