ചൂതാട്ടകേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; അഞ്ചുപേർ പിടിയിൽ
text_fieldsഓച്ചിറ: ചൂതാട്ടകേന്ദ്രത്തിൽ ഓച്ചിറ പൊലീസ് നടത്തിയ റെയ്ഡിൽ കേന്ദ്ര നടത്തിപ്പുകാരൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായി. ഓച്ചിറ ബ്ലോക്ക് ജങ്ഷന് പടിഞ്ഞാറുവശം ചങ്ങൻകുളങ്ങര ശാരദാഭവനത്തിൽ സന്തോഷിന്റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പണംവെച്ച് ചീട്ടുകളി നടക്കുന്ന സമയത്തായിരുന്നു റെയ്ഡ്.
നിരവധി കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. ചീട്ടുകളി ടേബിളിൽ നിന്ന് 22,000 രൂപ, മൂന്നു ബണ്ടിൽ ചീട്ട്, നോട്ടെണ്ണുന്നതിനുള്ള യന്ത്രം, ഒമ്പത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം എന്നിവ പൊലീസ് പിടിച്ചെടുത്തു.
ചീട്ടുകളിക്കാൻ എത്തുന്നവർക്ക് മദ്യവും ഭക്ഷണവും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. വി.ഐ.പി ചീട്ടുകളിക്കാർക്കായി എ.സി മുറികളും സജ്ജമാക്കിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് ഒപ്പിട്ട നിരവധി ബ്ലാങ്ക് മുദ്രപ്പത്രങ്ങളും ചെക്കുകളും പണയമായി സ്വീകരിച്ച നിരവധി വാഹനങ്ങളുടെ ആർ.സി ബുക്കുകളും കണ്ടെടുത്തു.
ശനിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച റെയ്ഡ് പത്തിന് അവസാനിച്ചു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ, ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി.

