ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോഡില്‍ -മന്ത്രി
text_fieldsകിളികൊല്ലൂർ സഹകരണ ബാങ്കിന്റെ സൗഹാർദ വിനോദ സഞ്ചാര പദ്ധതിയുടെ ഉദ്ഘാടനം
മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
കിളികൊല്ലൂർ: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1.80 കോടി ആഭ്യന്തര സഞ്ചാരികളാണ് 2022ല്‍ കേരളത്തിലെത്തിയത്. 2023ല്‍ പുതിയ റെക്കോഡ് സൃഷ്ടിക്കും.
ടൂറിസം മേഖലയില്‍ അപൂര്‍വ നേട്ടങ്ങളും വൈവിധ്യങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡിങ് റാങ്കിങ്ങില്‍ കേരളത്തിന് ഒന്നാം സ്ഥാനമാണ്. ഫ്ലോട്ടിങ് ബ്രിഡ്ജ് മുഴുവന്‍ തീരദേശ ജില്ലകളിലും നടപ്പാക്കും. സഹകരണ മേഖലയെ ദുര്‍ബലമാക്കാനുള്ള ഏതുനീക്കത്തെയും സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ചെലവ് കുറഞ്ഞ ടൂറിസം പാക്കേജുകള്‍ നല്‍കുന്നതാണ് കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാരപദ്ധതി. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, പി. രാജേന്ദ്രന്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കേരള ബാങ്ക് ഭരണസമിതി അംഗം ജി. ലാലു, കോര്പറേഷന് വികസനകാര്യ അധ്യക്ഷ എസ്. ഗീതാകുമാരി, ബാങ്ക് പ്രസിഡന്റ് ആര്. സുജിത്കുമാര്‍, സെക്രട്ടറി എ. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.