ആനച്ചാടിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നോട്ടീസ്
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് എസ്റ്റേറ്റ് മേഖലയായ ആനച്ചാടിയിൽ മലയിടിച്ചും പാറപ്പൊട്ടിച്ചും തേയില തോട്ടത്തിലൂടെ റോഡ് നിർമിക്കുന്ന പ്രവൃത്തികൾ നിർത്തിവെക്കാൻ ഭൂ ഉടമക്ക് നോട്ടീസ് നൽകി. ഇവിടെ നടക്കുന്ന അനധികൃത റോഡ് നിർമാണം സംബന്ധിച്ച് വ്യാഴാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ആനച്ചാടിയിലെ റോഡ് നിർമാണത്തെ കുറിച്ച് ആര്യങ്കാവ് വില്ലേജ് ഓഫിസർ പുനലൂർ തഹസീൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പുനലൂർ തഹസീൽദാരുടെ നിർദ്ദേശാനുസരണം ആര്യങ്കാവ് വില്ലേജ് ഓഫിസറാണ് വഴി നിർമിച്ച ഭൂ ഉടമയായ വർക്കല സ്വദേശിക്ക് നോട്ടീസ് നൽകിയത്. സർക്കാറുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന എസ്റ്റേറ്റ് ഭൂമി മറ്റൊരാൾക്ക് കൈമാറി റോഡ് നിർമിക്കുന്നത് നിയവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു. ഭൂ ഉടമയെ ഹിയറിങ്ങിന് വിളിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നാണ് തഹസീൽദാർ പറയുന്നത്.
ഭൂ ഉടമ സ്ഥലത്തില്ലാത്തതിനാൽ ഫോണിലൂടെ വിവരങ്ങൾ കൈമാറിയതായും നോട്ടീസ് വില്ലേജ് ഓഫിസിലെത്തി നേരിട്ട് സ്വീകരിക്കാനും നിർദ്ദേശം നൽകി. ആനച്ചാടി ഉൾപ്പെടുന്ന അമ്പനാട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കം സംബന്ധിച്ച് മുൻ ഉടമയുമായി പുനലൂർ കോടതിയിൽ സർക്കാർ കേസുണ്ട്.
ഇതുകാരണം പഴയ ഉടമയിൽ നിന്നും എസ്റ്റേറ്റ് വാങ്ങി നിലവിൽ ഉടസ്ഥാവകാശമുള്ളവർക്ക് എസ്റ്റേറ്റ് ഭൂമി മാറ്റാർക്കെങ്കിലും മറിച്ചുവിൽക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ആനച്ചാടിയിൽ എസ്റ്റേറ്റ് ഭൂമി റോഡ് നിർമാണത്തിന് കൈമാറിയത്. ഉരുൾപൊട്ടലടക്കം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ് ആനച്ചാടിയിലെ നിർമാണ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

