മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റിൽ ‘തൃപ്തിയില്ല’: ഭീമമായ ചെലവ്, വരവ് കുറവുമെന്ന് ജില്ല പഞ്ചായത്ത്
text_fieldsകൊല്ലം: ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റുകളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ജില്ല പഞ്ചായത്ത്. മൊബൈൽ യൂനിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് ഭീമമായ ചെലവ് വരുമ്പോൾ വരുമാനം വളരെ കുറവാണ് എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കരാർ കമ്പനിക്ക് വൻതുക ജില്ല പഞ്ചായത്ത് പ്രതിഫലം ആയി നൽകുകയാണ്. എന്നാൽ, വരുമാനം അതിനനുസരിച്ച് എത്തുന്നില്ലെന്നും സേവനം ആവശ്യമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നില്ലെന്നും ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ഡോ. ആർ. ലതാദേവി പറഞ്ഞു.
കേരള ശുചിത്വ മിഷൻ അംഗീകൃത സ്ഥാപനമായ ഭൗമ എൻവിറോൺടെകിന്റെ രണ്ട് യൂനിറ്റുകൾ ആണ് കൊല്ലത്ത് പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതലുള്ള ആറ് മാസത്തെ പ്രതിഫലം ആയി 18 ലക്ഷം രൂപയാണ് കമ്പനിക്ക് ജില്ല പഞ്ചായത്ത് നൽകിയത്. നികുതി ചേർത്ത് 21.24 ലക്ഷം രൂപയാണ് ആകെ ചെലവ്. എന്നാൽ, ഈ കാലയളവിൽ രണ്ട് യൂനിറ്റും മാലിന്യം സംസ്കരിച്ചതിലൂടെ വരുമാനമായി വന്നത് 14.58 ലക്ഷം രൂപ മാത്രം.
നിലവിലെ കക്കൂസ് മാലിന്യം ട്രീറ്റ് ചെയ്യുന്നതിൽ ഖരരൂപത്തിലുള്ള മാലിന്യം സംസ്കരിക്കാൻ സാധിക്കില്ല, ദ്രവമാലിന്യം മാത്രമാണ് സംസ്കരിക്കുന്നത്. ഇതാണ് പ്രധാന പോരായ്മ. ജില്ല ആശുപത്രി ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ ആണ് ഇപ്പോൾ പ്ലാന്റിന്റെ സേവനം കാര്യമായി തേടുന്നത്. വീടുകളിൽ നിന്നുൾപ്പെടെ വിളികൾ എത്തുന്നുണ്ട്. എന്നാൽ, സേവനം മാത്രം നൽകാനാകുന്നില്ല. സാധാരണ കക്കൂസ് മാലിന്യത്തിൽ വരുന്ന കട്ടിയായുള്ള മാലിന്യം കൂടി സംസ്കരിക്കാൻ കഴിഞ്ഞാൽ മാത്രമേ പൊതുജനങ്ങൾക്ക് കൂടി ഫലപ്രദമായ രീതിയിൽ യൂനിറ്റുകളുടെ സേവനം ലഭിക്കുകയുള്ളു.
മാസത്തിൽ ശശാശരി 10 ദിവസം വരെ മാത്രമാണ് ഇപ്പോൾ യൂനിറ്റ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജീവനക്കാർ മിക്കവാറും അവധിയിലുമാണ്. സേവനം അഭ്യർഥിച്ചുള്ള അന്വേഷണങ്ങൾ എത്തുന്നതിൽ പകുതിയിൽ പോലും തുടർനടപടികൾ ഉണ്ടാകുന്നില്ല. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തിയാണ് തുടർപ്രവർത്തനം സംബന്ധിച്ച് അടിയന്തര പുനരാലോചനയിലേക്ക് ജില്ല പഞ്ചായത്ത് കടക്കുന്നത്. കരാർ കമ്പനി അധികൃതരെയും ശുചിത്വ മിഷനെയും ഉൾപ്പെടുത്തി അടിയന്തരമായി യോഗം വിളിക്കും.
വരുമാനത്തിന് അനുസരിച്ചുള്ള പ്രതിഫലം പുനക്രമീകരിക്കൽ, ജില്ലപഞ്ചായത്തിന് നിയന്ത്രണം വരുന്നതരത്തിൽ ജീവനക്കാരുടെ നിയമനം, ഖരമാലിന്യം കൂടി സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കൽ, യൂനിറ്റ് പ്രവർത്തനം തത്സമയം വിലയിരുത്താൻ സംവിധാനം ഉൾപ്പെടെ ആവശ്യങ്ങൾ ചർച്ചയിൽ മുന്നോട്ടുവെക്കുമെന്നും അതിനനുസരിച്ചായിരിക്കും പദ്ധതിയുള്ള തുടർച്ചയെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഓച്ചിറയിലേക്ക് യൂനിറ്റ് വിട്ടുനൽകിയാൽ, പ്രവർത്തനലാഭം വരുന്ന തരത്തിൽ എത്തിക്കാമെന്ന് അംഗം നജീബ് മണ്ണേൽ പറഞ്ഞു. അക്കാര്യത്തിൽ പൂർണപിന്തുണ നൽകാമെന്ന് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

