പണം നൽകിയില്ല: നഗരസഭയിലെ കസേരകൾ തിരിച്ചെടുത്തു
text_fieldsപുനലൂർ: നാലുമാസം മുമ്പ് നഗരസഭ കാര്യാലയത്തിൽ ഇറക്കിയ കസേരകൾ പണം നൽകാത്തതിനെ തുടർന്ന് കമ്പനി തിരികെ കൊണ്ടുപോയി. ഇതിനെചൊല്ലി നഗരസഭയിൽ വിവാദവും പ്രതിഷേധവും ഉയരുന്നു. സെക്രട്ടറി ഉൾപ്പെടെ ജീവനക്കാർ ഒരു ചേരിയിലും ചെയർപേഴ്സൻ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ മറുചേരിയിലുമായി.
ചെയർപേഴ്സൻ ഉൾപ്പെടെയുള്ള കൗൺസിലർമാർക്കായി വൈസ് ചെയർമാന്റെ മുൻകൈയിൽ കഴിഞ്ഞ ബജറ്റിന് തലേന്നാണ് മുന്തിയയിനം 40 പുതിയ കസേരകൾ ഇറക്കിയത്. വിലയായി 3,86,000 രൂപയുടെ ബിൽ കസേര ഇറക്കിയ സ്ഥാപനം കഴിഞ്ഞമാസം നഗരസഭയിൽ നൽകി. എന്നാൽ, മുൻ തീരുമാനവും പ്രോജക്ടും ഇല്ലാത്തതിനാൽ പണംനൽകാൻ സെക്രട്ടറി തയാറായില്ല. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് കസേരകൾ തിരികെ കൊണ്ടുപോവുകയായിരുന്നു. മാർച്ച് ആദ്യം നഗരസഭയിൽ കൂടിയ പ്രക്വയര്‍മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കസേരകൾ കൊണ്ടുവന്നതെന്നാണ് ചെയർപേഴ്സൺ ഉൾപ്പെടെ പറയുന്നത്.
ചെയർപേഴ്സന്റെ മുറിയിൽ കൂടിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങൾ തള്ളിക്കയറി സെക്രട്ടറിയെ തടഞ്ഞുവെച്ചു. കസേര കൊണ്ടിട്ടത് അറിഞ്ഞില്ലെന്നും പണം നൽകാൻ കഴിയില്ലെന്നും സെക്രട്ടറി പറഞ്ഞു. വിഷയം പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികൾക്ക് സെക്രട്ടറി തയാറാകാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ചെയർപേഴ്സൻ കെ. പുഷ്പലത ചൂണ്ടികാട്ടി.
സംഭവത്തിൽ ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും പ്രതിപക്ഷ അംഗങ്ങൾ നിശിതമായി വിമർശിച്ച് ബഹളം ഉണ്ടാക്കി. എന്നാൽ, പ്രതിഷേധക്കാർ മുറി വിട്ടശേഷം വൈസ് ചെയർമാനും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർമാരായ സാബു അലക്സ്, എൻ. സുന്ദരേശൻ, കെ. കനകമ്മ, കെ. ബിജു, കെ.എന്‍. ബിപിന്‍ കുമാര്‍, ഷെമി അസീസ്, നിര്‍മല സത്യന്, ജ്യോതി സന്തോഷ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

