മേൽപാലമില്ല; ന്യൂ ആര്യങ്കാവിലെ കുടുംബങ്ങൾക്ക് ദുരിതം
text_fieldsന്യൂആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് മേൽപ്പാലം ഇല്ലാത്തതിനാൽ പാളം മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്നവർ
പുനലൂർ: കൊല്ലം-ചെങ്കോട്ട പാതയിൽ ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം മേൽപാലം നിർമിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇവിടെ സ്റ്റേഷന്റെ മറുവശത്ത് അമ്പതിലധികം കുടുംബങ്ങൾ താമസമുണ്ട്. നിലവിൽ അപകടകരമായ സാഹചര്യത്തിൽ റെയിൽവേ ട്രാക്ക് മറികടന്നാണ് റോഡിലേക്ക് ഇവിടെയുള്ളവർ വരുന്നത്.
അംഗപരിമിതരും കിടപ്പുരോഗികളും സ്കൂൾ കുട്ടികളും അടക്കമുള്ളവർ റെയിൽവേ ട്രാക്ക് സുരക്ഷിതമായി കടക്കാൻ പോകുന്നതിന് മാർഗമില്ലാതെ വലയുന്നു. ഈ സ്റ്റേഷനിലാണ് മിക്കപ്പോഴും ട്രെയിനുകളുടെ ക്രോസിങ് നടക്കുന്നത്. ഈ സമയം മറുവശം താമസിക്കുന്നവർ റോഡിലെത്തുന്നതിന് മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കിടപ്പുരോഗികളെ കസേരയിലിരുത്തി ചുമന്നാണ് വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും. ഇപ്പോൾ നടക്കുന്ന വൈദ്യുതീകരണ ജോലി പൂർത്തിയാകുന്ന മുറക്ക് നിലവിലുള്ള കാൽനട വഴിയും റെയിൽവേ തടയുന്നതിനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.
ഇവിടെ മേൽപാലം നിർമിക്കണമെന്ന് പ്രദേശവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഗേജ് മാറ്റം നടക്കുമ്പോഴും ജനങ്ങളുടെ ഈ ആവശ്യം റെയിൽവേ അധികൃതർ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

