പുതിയ ബസുകളും ജീവനക്കാരുമില്ല; കൊല്ലം ജില്ലയിൽ കിതച്ച് കെ.എസ്.ആർ.ടി.സി
text_fieldsകൊല്ലം: ബസുകളുടെയും ജീവനക്കാരുടെയും കുറവിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി കിതക്കുന്നു. കാലപ്പഴക്കം ചെന്ന ബസുകളാണ് സർവിസ് നടത്തുന്നതിൽ അധികവും. മതിയായ ജീവനക്കാരും ഇല്ല. ഡ്രൈവർമാരെയെങ്കിലും ലഭിക്കുമോയെന്ന് പ്രതിക്ഷിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കത്ത് നൽകിയിരിക്കുകയാണ് അധികൃതർ.
പുതുതായി വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന് കീഴിൽ സൂപ്പർ ഫാസ്റ്റ് സർവിസിന് അനുവദിക്കുമ്പോൾ പഴഞ്ചൻ വണ്ടികളുമായി ‘ഓർഡിനറിക്ക്’ സമാനമാണ് ഫാസ്റ്റുകളുടെ അവസ്ഥ. ഫാസ്റ്റ് ബസുകളിൽ നല്ലൊരു ശതമാനവും പത്ത് വർഷത്തിലധികം കാലപ്പഴക്കമുള്ളവയാണ്.കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവിസുകളിൽ നിന്നാണെങ്കിലും ഫാസ്റ്റിനെ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി.
മുൻകാലങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞ ഫാസ്റ്റ് ബസുകൾ ഓർഡിനറിയാക്കുമായിരുന്നു. പുതിയ ബസുകളിറങ്ങുന്നത് കുറഞ്ഞതോടെ ഈ പതിവ് തെറ്റി. ഇപ്പോൾ കാലപ്പഴക്കം കണക്കാക്കാതെ ബസ് ഓടിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ജീവനക്കാർ. 33 ഫാസ്റ്റ് സർവിസുകൾ കൊല്ലം ഡിപ്പോയിൽനിന്നുള്ളത്. നാല് സൂപ്പർഫാസ്റ്റും ഒരു സ്വിഫ്റ്റും രണ്ട് എ.സി ബസുകളും സർവിസ് നടത്തുന്നുണ്ട്. വിവിധ ജില്ലകളെ ബന്ധിപ്പിച്ചുള്ളതടക്കം മറ്റ് ഡിപ്പോകളുടെ ഫാസ്റ്റ് ബസുകളെയാണ് വലിയൊരു ശതമാനംപേരും ആശ്രയിക്കുന്നത്. പുതുതായി ചെയിൻ സർവിസ് നടത്തുന്നതിനായി നിർദേശം സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഓണക്കാലത്ത് ബംഗളൂരുവിലേക്ക് ഒരുബസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.യാത്രക്കാരുണ്ടെങ്കിലും ബസുകളുടെ ലഭ്യതക്കുറവാണ് സർവിസിന് വെല്ലുവിളിയാകുന്നത്.
പുതുതായി വാങ്ങുന്നവയിൽ സൂപ്പർഫാസ്റ്റുകൾക്കൊപ്പം ഫാസ്റ്റ് ബസുകളും ഉണ്ടാവുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകൾ സ്വിഫ്റ്റിന് നൽകിയപോലെ പുതിയ ഫാസ്റ്റും നൽകുമോയെന്ന ആശങ്ക ജീവനക്കാർക്കുണ്ട്. ദീർഘദൂര സർവിസുകൾക്കായുള്ള കമ്പനി എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും ഓർഡിനറി സർവിസുകളും സ്വിഫ്റ്റിന് കീഴിലാവുന്ന സാഹചര്യമാണ്.
മതിയായ സർവിസ് നടത്താൻ ജില്ലകളിലെ ഡിപ്പോകളിൽ ജീവനക്കാരില്ലാത്തതും സർവിസിന് വെല്ലുവിളിയാണ്. ജീവനക്കാർക്ക് അവധി പോലും അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിലുള്ളതെന്നും അധികൃതർ പറയുന്നു. ദീർഘദൂര സർവിസുകളിൽ മടങ്ങിയെത്തുന്നവർക്ക് വിശ്രമവും നൽകാനാകുന്നില്ല. 39 ഡ്രൈവർമാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജില്ലയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അപ്പോഴും കണ്ടക്ടർമാരുടെ കുറവ് നികത്താതെ കിടക്കുന്നത് ജീവനക്കാരുടെ ജോലിഭാരം ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

