തീക്കളി വേണ്ട, സൂക്ഷിക്കാം
text_fieldsകൊല്ലം: മകരച്ചൂടിൽ നാട് വെന്തുരുകുമ്പോൾ അപകടഭീഷണിയുയർത്തി തീപിടിത്തങ്ങളും വ്യാപകം. അലക്ഷ്യമായി മാലിന്യത്തിനും പുല്ലിനും തീയിടുന്നതും സിഗരറ്റ് കുറ്റിയും വിറകുകൊള്ളിയും തീപ്പെട്ടിക്കൊള്ളിയും വലിച്ചെറിയുന്നതുമുൾപ്പെടെ വലിയ തീപിടിത്തത്തിന് കാരണമാകുകയാണ്.
മാലിന്യത്തിന് തീകത്തിച്ച് ആളുകൾ സ്ഥലംവിടുകയും തീ പടർന്ന് പരിസരങ്ങളിലേക്ക് വ്യാപിക്കുന്നതുമാണ് അഗ്നിരക്ഷാസേന നിലയങ്ങളിലേക്ക് എത്തുന്ന മിക്കവാറും ‘ഫയർ കാളുകൾ’ക്ക് പിന്നിൽ ഏറെയും. മാലിന്യം കത്തിക്കൽ ഒരിക്കലും അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്ന മുന്നറിയിപ്പാണ് അഗ്നിരക്ഷാസേനാംഗങ്ങൾക്ക് നൽകാനുള്ളത്.
ജില്ലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ തീപിടിത്തങ്ങൾ വളരെ കൂടുതലാണെന്നാണ് കണക്കുകൾ. 2022ൽ ആകെ 762 തീപിടിത്തങ്ങളാണ് അഗ്നിരക്ഷാസേന കൈകാര്യം ചെയ്തതെങ്കിൽ ഈവർഷം ഇതുവരെ 138 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാലിന്യം കത്തിക്കൽ പ്രശ്നത്തിന് പുറമെ റബർ തോട്ടങ്ങളിലും പുകപ്പുരകളിലും തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ മലയോര മേഖലയിൽ ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മരുതിമലയിൽ ഒരുദിവസംതന്നെ രണ്ടു തവണയാണ് തീപിടിത്തമുണ്ടായി ഏക്കർകണക്കിന് സ്ഥലത്തേക്ക് പടർന്നത്. വിനോദസഞ്ചാരികൾ ഏറെയുള്ള സ്ഥലമാണിവിടം. മണിക്കൂറുകളോളം പണിപ്പെട്ടാണ് അഗ്നിരക്ഷാസേന തീയണച്ചത്.
ട്രാൻസ്ഫോമറുകൾക്കും വൈദ്യുതി ലൈനുകൾക്കും താഴെ തീപിടിത്തമുണ്ടാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം പള്ളിമുക്കിൽ ഫർണിച്ചർ ഷോറൂമിന്റെ ഗോഡൗണിൽ കഴിഞ്ഞദിവസം തീപിടിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധനകൾകൂടി കഴിയാനുണ്ട്. സ്ഥാപനങ്ങളിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടെ അഭാവം പോലുള്ള പ്രശ്നങ്ങളാണ് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചപ്പുചവറുകൾ കൂട്ടിയിട്ട് തീകത്തിച്ചശേഷം സ്ഥലം വിടരുത്. തീ പരിസരത്തേക്ക് ആളിപ്പടരുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആളുണ്ടാകണം. മാലിന്യം പൂർണമായും കത്തി, തീ അണഞ്ഞെന്ന് ഉറപ്പാക്കണം.
- വീടുകളിലായാലും പൊതുസ്ഥലങ്ങളിലായാലും തീയിടുമ്പോൾ തന്നെ അപകടസാധ്യത മുന്നിൽ കണ്ട് വെള്ളം ഉൾപ്പെടെ കരുതണം.
- മാലിന്യത്തിലെ തീ ആളിക്കത്താൻ തുടങ്ങിയാൽ വെള്ളം കുടയണം.
- ഉണങ്ങിയ ഇലകൾപോലുള്ളവ ധാരാളം ഒരുമിച്ച്കൂട്ടിയിട്ട് കത്തിക്കരുത്.
- വേനൽ ചൂട് പരിഗണിച്ച് ഉച്ചക്ക് 11നും മൂന്നിനും ഇടയിൽ ചവറിനും മറ്റും തീയിടുന്നത് ഒഴിവാക്കണം.
- കാറ്റ് നന്നായി വീശുമ്പോൾ തീയിടരുത്.
- വൈദ്യുതി ലൈനുകൾക്ക് താഴെ തീപിടിക്കാൻ സാധ്യതയുള്ള ചപ്പുചവറുകളും മാലിന്യവും പുല്ലും കാടും അനുവദിക്കരുത്. വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടിയുണ്ടാകുന്ന തീപ്പൊരി വീണ് കത്തിപ്പടരാൻ സാധ്യതയുണ്ട്.
- റെയിൽവേ സ്റ്റേഷനുകളിലും മറ്റുമുള്ള പാർക്കിങ് കേന്ദ്രങ്ങളിലും അശ്രദ്ധമായ തീയിടൽ വർധിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ തീപടർന്ന് പിടിക്കാൻ സഹായിക്കുന്ന കാടുംപടർപ്പും മാലിന്യവും ധാരാളമുണ്ടാകും. അണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുകയുമില്ല. തീപടർന്നാൽ വാഹനങ്ങൾക്ക് ഉൾപ്പെടെ നാശനഷ്ടമുണ്ടാകുമെന്ന് ഓർക്കണം.
- തോട്ടങ്ങളിലും പാടശേഖരങ്ങളിലും തീപടരാതിരിക്കാൻ ഫയർലൈൻ തെളിക്കണം. വീടിന്റെ പരിസരങ്ങളിലും കാടുംപടർപ്പും ഒഴിവാക്കി തീപടരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
- പുകപ്പുരകളിൽ അതിവ ശ്രദ്ധയോടെയാകണം തീയിടുന്നത്. അസാധാരണമായി ചൂടുകൂടുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
- ഹോട്ടലുകളിലും മറ്റും പാചകവാതക സിലിണ്ടറുകൾ ഒരുമിച്ച് വെക്കരുത്. നിർദേശം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അഗ്നിരക്ഷാസേന പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ജില്ലയിൽ നൂറോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
- വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പുല്ലിനും ഉണങ്ങിയ ചെടികൾക്കും തീയിടരുത്.
- ഇടുങ്ങിയ മുറികളിൽ സാധനങ്ങൾ കുത്തിനിറക്കുന്നതും അഗ്നിരക്ഷാസേനക്ക് എത്തിപ്പെടാനുള്ള സൗകര്യംപോലും ഒരുക്കാത്തതും തീപിടിത്തം പോലുള്ള അത്യാഹിതങ്ങളുടെ ആഘാതം കൂട്ടും.
- എല്ലാ സ്ഥാപനങ്ങളിലും പ്രവർത്തനക്ഷമമായ അഗ്നിരക്ഷാസംവിധാനം ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

