ഇനി നടുവൊടിയില്ല; ഒടുവിൽ റോഡ് ടാർ കണ്ടു
text_fieldsഎസ്.എം.പി പാലസ് റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ
കൊല്ലം: വൻ കുഴികളിൽ വാഹനം വീണ് നടുവൊടിയുന്നു എന്ന ആറ് വർഷം പിന്നിട്ട പരാതിപ്രവാഹത്തിന് ഒടുവിൽ പരിഹാരം. കൊല്ലം നഗരമധ്യത്തിലെ എസ്.ബി.ഐ ജങ്ഷൻ-എസ്.എം.പി പാലസ്-ചിന്നക്കട റോഡിന് ശാപമോക്ഷം നൽകി പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ദ്രുതഗതിയിൽ മുന്നോട്ട്.
റോഡ് നിർമാണം മറ്റ് വകുപ്പുകളുടെ പലതരത്തിലുള്ള നിർമാണങ്ങളാൽ നീളുകയായിരുന്നു. ഇതിനിടയിൽ റോഡിനെക്കുറിച്ചുള്ള പരാതികൾ മന്ത്രിതലത്തിൽ വരെ എത്തി. രണ്ട് വർഷം മുമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊല്ലത്ത് വാർത്തസമ്മേളനത്തിനിടയിലും ഈ റോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉടനെ നടപടി ഉറപ്പു നൽകി. എന്നാൽ, റോഡ് പഴയപടി തുടർന്നു. കെ.എസ്.ഇ.ബിയുടെ അണ്ടർ ഗ്രൗണ്ട് കേബിൾ, വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ, കോർപറേഷന്റെ ഓടനിർമാണം എന്നീ പ്രവർത്തനങ്ങളാണ് റോഡ് നിർമാണം നീട്ടിയത്.
ആറ് വർഷം മുമ്പ് ടെൻഡർ വിളിച്ച് കരാർ നടപടി പൂർത്തിയായിരുന്ന റോഡ് നിർമാണപദ്ധതി അനുബന്ധനിർമാണങ്ങൾ പൂർത്തിയാകാതെ ഉപേക്ഷിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ കേബിൾ സ്ഥാപിക്കൽ പ്രവൃത്തി കൂടി പൂർത്തിയായതോടെ റോഡ് പൂർണമായും തകർന്ന് ഒട്ടും സഞ്ചാരയോഗ്യമല്ലാതായി. നിരന്തര പരാതിയെ തുടർന്ന് പി.ഡബ്ല്യു.ഡി സർക്കാറിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി പുതിയ ടെൻഡർ ക്ഷണിച്ചതോടെയാണ് നിലവിലെ നിർമാണത്തിന് വഴിതുറന്നത്.
നിർമാണം രണ്ട് ഘട്ടമായി
ചിന്നക്കട റെയിൽവെ ഗേറ്റ് മുതൽ കെ.എസ്.ഇ.ബി കന്റോൺമെന്റ് സെക്ഷൻ ഓഫിസ് വരെ, കെ.എസ്.ഇ.ബി മുതൽ പെട്രോൾ പമ്പ് വരെ എന്നിങ്ങനെ രണ്ട് പ്രവൃത്തികൾക്കാണ് കരാർ നൽകിയിരിക്കുന്നത്. റെയിൽവേ ഗേറ്റ് മുതൽ കെ.എസ്.ഇ.ബി വരെയുള്ള 240 മീറ്റർ നിർമിക്കുന്നതിന് 30.30 ലക്ഷം രൂപക്കാണ് കരാർ. കെ.എസ്.ഇ.ബി- പെട്രോൾ പമ്പ് ഭാഗത്തിന് 50.70 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ആദ്യഭാഗത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ രണ്ട് ലെയർ ടാറിങ് നടത്തും.
കെ.എസ്.ഇ.ബി നിർമാണം കാരണം റോഡ് ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്ന പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് ഇരട്ടി ലെയറിങ് നിർമാണം വരുന്നതിനാലാണ് ചെലവുകൂടിയത്.
ഇവിടെ ആദ്യം വെറ്റ് മിക്സ് മെക്കാഡം (ഡബ്ല്യു.എം.എം) മെറ്റലിങ് നടത്തും. തുടർന്ന് അടുത്ത് രണ്ട് ലെയറായി ബി.എം, ബി.സി ടാറിങ് കൂടി ഈ ഭാഗത്ത് ചെയ്യും. മൂന്ന് മാസം ആണ് കരാർ കാലാവധി.
ചിന്നക്കട റെയിൽവേ ഗേറ്റ് തുറന്നു
കോർപറേഷൻ പണം അടക്കാത്തതിനെ തുടർന്ന് റെയിൽവെ പൂട്ടിയ ചിന്നക്കട റെയിൽവേ ഗേറ്റ് ഒരുമാസത്തിന് ശേഷം തുറന്നു. ഗേറ്റ് പരിപാലന വകയിൽ രണ്ട് കോടിയോളം കുടിശ്ശിക അടക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ ഗേറ്റ് അടച്ചിട്ടത്. ചിന്നക്കടയിലേക്ക് കടക്കാനുള്ള എളുപ്പമാർഗം അടച്ച് ജനങ്ങളുടെ വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കഴിഞ്ഞദിവസം എൻ.കെ. പ്രേമചന്ദ്രൻ എം.പി റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഗേറ്റ് തുറന്നത്.
പരിപാലനത്തിന് പണം നൽകണം എന്ന കരാറിന്റെ രേഖ ഹാജരാക്കണം എന്ന നിലപാടിൽ കോർപറേഷൻ കുടിശ്ശിക തുക അടച്ചിട്ടില്ല. അതേസമയം, റെയിൽവേയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കോർപറേഷൻ അടച്ച പണം തിരികെ നൽകിയിട്ടില്ലെന്നും ഇത് വകമാറ്റാമെന്ന തരത്തിലും ചർച്ചകൾ നടന്നതായി റെയിൽവേ അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

