വിപഞ്ചികയുടെ മരണം; എംബസിയോട് അന്വേഷണം ആവശ്യപ്പെട്ടു
text_fieldsകൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ചന്ദനതോപ്പ് , കൊറ്റങ്കര രജിതാഭവനത്തിൽ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മരണം സംബന്ധിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനോടും യു.എ.ഇ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിനോടും ആവശ്യപ്പെട്ടു.
സംശയാസപ്ദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചത്. സമഗ്ര അന്വേഷണം ആവശ്യമാണെന്ന വിപഞ്ചികയുടെ മാതാവിന്‍റെ പരാതിയെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്. മൃതദേഹങ്ങൾ നിയമ നടപടി പൂർത്തിയാക്കി എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ അറിയിച്ചു.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തുടർന്ന് ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ മാതാവ് രംഗത്ത് എത്തിയിരുന്നു.
മകൾ വിപഞ്ചികയെ ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് മാതാവിന്‍റെ പരാതി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
വിപഞ്ചികയേയും ഒന്നേകാൽ വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്‍റെ ആരോപണം. ഷാർജയിൽ വച്ച് ഭർത്താവ് നിതീഷും വീട്ടുകാരും ചേർന്ന് വിപഞ്ചികയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങൾ എല്ലാം ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടിൽ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

