എൻ.സി.സി കേഡറ്റുകളുടെ പായ്വഞ്ചി പര്യവേക്ഷണ യാത്രക്ക് തുടക്കം
text_fieldsകേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് നേവൽ വിങ് എൻ.സി.സി കാഡറ്റുമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പര്യവേക്ഷണ കായൽയാത്ര കൊല്ലത്ത് നിന്ന് ആരംഭിച്ചപ്പോൾ
കൊല്ലം: പായ്വഞ്ചിയിൽ എൻ.സി.സി നേവൽ കാഡറ്റുകളുടെ പര്യവേക്ഷണ കായൽയാത്രക്ക് തുടക്കമായി. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ തേവള്ളിയിൽനിന്നാണ് വ്യാഴാഴ്ച രാവിലെ അഷ്ടമുടി കായലിലൂടെയുള്ള യാത്രക്ക് തുടക്കമായത്. രാജ്യത്തെ മികച്ച നേവൽ യൂനിറ്റിനെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന ദേശീയ മത്സരത്തിന്റെ ഭാഗമായാണ് പായ് വഞ്ചിയിലെ സാഹസിക കായൽ യാത്ര.
തേവള്ളി 3 കെ നേവൽ യൂനിറ്റ് എൻ.സി.സിയിൽ കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. അഷ്ടമുടിക്കായലിൽ ആരംഭിച്ച യാത്ര പുന്നമടക്കായൽ, വേമ്പനാട് കായൽ വഴി ആലപ്പുഴയിലെ കണ്ണങ്കരയിൽ എത്തി മടങ്ങും. ദേശീയ ജലപാത മൂന്നിലൂടെ പത്തുദിവസം കൊണ്ട് 220 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ലക്ഷദ്വീപിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടെ 65 കാഡറ്റുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. സംഘത്തിൽ 29 പെൺകുട്ടികളുമുണ്ട്. പായ്കൾ കെട്ടിയ മൂന്ന് ഡി.കെ വേലർ ബോട്ടുകളിലാണ് യാത്ര.
യുവജനങ്ങളെ എൻ.സി.സിയിലേക്ക് ആകർഷിക്കുക, സവിശേഷ സാഹചര്യങ്ങളെ നേരിടാൻ കാഡറ്റുകൾക്ക് ധൈര്യം പകരുക, അപ്രതീക്ഷിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് വികസിപ്പിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണെന്ന് 3-കേരള നേവൽ യൂനിറ്റ് കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പാതിരാമണൽ പക്ഷിസങ്കേതം ഉൾപ്പെടെ തെരഞ്ഞെടുത്ത പ്രദേശങ്ങളുടെ ശുചീകരണം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും യാത്രയുടെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

