നവോദയം ഗ്രന്ഥശാല 74ന്റെ നിറവിലേക്ക്
text_fieldsഅഞ്ചാലുംമൂട്: ജില്ലയിലെ പ്രമുഖ ഗ്രാമീണ ഗ്രന്ഥശാലയായ നീരാവിൽ നവോദയം ഗ്രന്ഥശാല 74ാം വർഷത്തിലേക്ക്. 73ാം ജന്മദിനമായ ആഗസ്റ്റ് ഒന്നിന് മൺചെരാതുകളിലും ഗ്രന്ഥശാലാമുറ്റത്തെ കൽവിളക്കിലും ദീപം തെളിച്ച് ജന്മദിനം ആഘോഷിക്കും.
സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലക്കുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഇ.എം.എസ്. പുരസ്കാരം, മികച്ച സാംസ്കാരിക പ്രവർത്തനത്തിനുള്ള സമാധാനം വി. പരമേശ്വരൻ അവാർഡ്, ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള ജില്ല ലൈബ്രറി കൗൺസിലിന്റെ പ്രഥമ പുത്തൂർ സോമരാജൻ അവാർഡ് എന്നിവ നേടിയിട്ടുള്ള ഗ്രന്ഥശാലയാണ്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പുതുക്കിയ മാനദണ്ഡപ്രകാരമുള്ള ഗ്രഡേഷനിൽ തുടർച്ചയായി അഞ്ചാം തവണയും എ പ്ലസ് പദവി ലഭിക്കുകയും ചെയ്തു.
1950 ആഗസ്റ്റ് ഒന്നിനാണ് വൈദ്യകലാനിധി കെ.പി. കരുണാകരൻ വൈദ്യർ പ്രസിഡന്റും കെ. സുലൈമാൻ സെക്രട്ടറിയുമായി ഗ്രന്ഥശാല ആരംഭിച്ചത്. ബഹുനില ആസ്ഥാനമന്ദിരം ഗാനഗന്ധർവൻ കെ.ജെ. യേശുദാസാണ് നാടിന് സമർപ്പിച്ചത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രന്ഥശാലയിൽ വിവിധ ശാഖകളിലുള്ള 30000 ത്തിലേറെ പുസ്തകങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. ചിത്രകാരൻ ജയപാലപ്പണിക്കരുടെ സ്മരണാർഥം സ്ഥാപിച്ച ചിത്രഗാലറിയിൽ 70 ലേറെ വിഖ്യാത ചിത്രങ്ങളുണ്ട്. ഗ്രന്ഥശാലാംഗവും കായിക കലാസമിതിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന ചിത്രകാരൻ പാരീസ് വിശ്വനാഥനോടുള്ള സ്നേഹാദരമായി ‘വിശ്വ ചിത്ര ജാലകം’ ഒരുക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലയിലെ മികച്ച ലൈബ്രേറിയൻ-സംരംഭകൻ എന്നിവർക്കായി പ്രഫ. കല്ലട രാമചന്ദ്രൻ, എൻ. ശിവശങ്കരപ്പിള്ള എന്നിവരുടെ സ്മരണാർഥമുള്ള അവാർഡുകളും നൽകുന്നു.
ആഗസ്റ്റ് ഒന്നിന് വൈകീട്ട് ആറിന് ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന കുടുംബസംഗമം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്കർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

