നല്ല സിനിമകളുടെ നിർമാതാവ് നവതിയുടെ നിറവിൽ
text_fieldsകെ. രവീന്ദ്രനാഥൻനായർ തകഴിക്കൊപ്പം
കൊല്ലം: വിപുലമായ ആഘോഷങ്ങളോ പൊതുപരിപാടികളോ ഇല്ലാതെ നവതിയുടെ നിറവിൽ കെ. രവീന്ദ്രനാഥൻ നായർ. പ്രമുഖ വ്യവസായി, കലാമൂല്യമുള്ള സിനിമകളുടെ നിർമാതാവ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ കൊല്ലത്തുകാരുടെ ‘രവി മുതലാളി’ ഏറെനാളായി വിശ്രമ ജീവിതത്തിലാണ്.
ജന്മനക്ഷത്രമായ മിഥുനത്തിലെ വിശാഖം നാളായിരുന്ന വെള്ളിയാഴ്ച വീട്ടിൽ പിറന്നാൾ സദ്യ ഒരുക്കിയിരുന്നു. മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങൾ ഒത്തുചേരുകയും ചെയ്തു. 1933 ജൂലൈ മൂന്നാണ് ഔദ്യോഗികമായുള്ള ജന്മദിനം.
കലാരംഗത്തിനും വ്യവസായത്തിനും പകുത്തുനൽകിയ ജീവിതമാണ് രവീന്ദ്രനാഥൻ നായരുടേത്. വ്യവസായത്തിലും സിനിമയിലും എന്നും മൂല്യങ്ങൾക്കായി ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി വ്യവസായ രംഗത്ത് ‘വി.എൽ.സി’ എന്ന ബ്രാൻഡിന് ആഗോള സ്വീകാര്യത നേടാനായതും കേരളത്തിനകത്തും പുറത്തുമുള്ള ഫാക്ടറികളിൽ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം ഒരുക്കിയതും രവീന്ദ്രനാഥൻ നായരുടെ ബിസിനസ് പ്രാഗല്ഭ്യമാണ്. കലാമൂല്യമുള്ള സിനിമകൾക്ക് നിർമാതാക്കളെ കിട്ടാതിരുന്ന കാലത്ത് അതിനുവേണ്ടി ഇറങ്ങിത്തിരിച്ച സംവിധായകർക്ക് അവസരമൊരുക്കാൻ ഇദ്ദേഹം തയാറായി.
നല്ല സിനിമക്ക് നിർമാതാക്കൾ മുന്നോട്ടുവരുന്നില്ലെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഒരിക്കൽ രവീന്ദ്രനാഥൻ നായരോട് പറഞ്ഞിരുന്നു. താൻ തയാറാണെന്നായിരുന്നു രവീന്ദ്രനാഥൻ നായരുടെ മറുപടി. രവീന്ദ്രനാഥൻ നായരുടെ ഉടമസ്ഥതയിലുള്ള ‘ജനറൽ പിക്ചേഴ്സി’ലൂടെ അടൂരിന്റേതടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. ജനറൽ പിക്ചേഴ്സ് ഒടുവിൽ നിർമിച്ചതും അടൂർ സംവിധാനം ചെയ്ത ‘വിധേയൻ’ ആണ്. അടൂരിന്റെ ‘കഥാപുരുഷൻ’ വിതരണം ചെയ്തതും ജനറൽ പിക്ചേഴ്സായിരുന്നു.
പി. ഭാസ്കരൻ, എ. വിൻസെന്റ്, ജി. അരവിന്ദൻ, എം.ടി. വാസുദേവൻ നായർ എന്നിവരുടെ സിനിമകളും രവീന്ദ്രനാഥൻ നായർ നിർമിച്ചവയിൽപെടുന്നു. ജെ.സി. ഡാനിയൽ പുരസ്കാരമടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
‘അച്ചാണി’ എന്ന ചിത്രത്തിനൊപ്പം ‘അച്ചാണി രവി’ എന്ന പേരും രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു. നാലുലക്ഷത്തോളം രൂപ മുടക്കി നിർമിച്ച ‘അച്ചാണി’ 18 ലക്ഷത്തോളം രൂപ കലക്ഷൻ നേടി. കൊല്ലത്ത് പബ്ലിക് ലൈബ്രറി വേണമെന്ന ആവശ്യത്തിനുള്ള പരിഹാരവും ‘അച്ചാണി’യിലൂടെയുണ്ടായി. സിനിമയിൽനിന്നുള്ള വരുമാനം ലൈബ്രറിക്കായി മുടക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് നിർമിച്ച സോപാനം കലാകേന്ദ്രം നഗരത്തിലെ സംസ്കാരിക പരിപാടികളുടെ കേന്ദ്രമായി ഇപ്പോഴും തുടരുന്നു. ജില്ല ആശുപത്രിക്ക് കുട്ടികളുടെ വാർഡ്, കൊല്ലം ജവഹർ ബാലഭവൻ ഓഡിറ്റോറിയം എന്നിവയും രവീന്ദ്രനാഥൻ നായർ മുൻകൈയെടുത്ത് നിർമിച്ചു.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും നൽകുന്നതടക്കം സേവന പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങി. ഗായിക കൂടിയായിരുന്ന പരേതയായ ഉഷയാണ് ഭാര്യ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ എന്നിവർ മക്കളും രാജശ്രീ, സതീഷ് നായർ, പ്രിയ എന്നിവർ മരുമക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

