ദേശീയ പാത ദുരന്തം; കളിമൺ താഴ്‌വരയിൽ മൺകൂന ഏൽപ്പിച്ച ആഘാതമെന്ന് പഠനം
text_fieldsഡോ. ഉദയകുമാർ
കൊല്ലം: കൊട്ടിയത്തിനടുത്ത് മൈലക്കാട് നാഷണൽ ഹൈവേ നിർമ്മാണത്തിനിടെ ഇടിഞ്ഞു താഴ്ന്ന സംഭവം കനത്ത കറുത്ത കളിമണ്ണ് നിറഞ്ഞ താഴ്വരക്ക് മുകളിൽ അമിതമായ ഉയരത്തിൽ മൺകൂന ഇട്ടതിന്‍റെ ആഘാതമാണന്ന് ജിയോളജിസ്റ്റും ടി.കെ.എം എൻജിനീയറിങ് കോളജിലെ റിട്ട. ജിയോളജി അധ്യാപകനുമായ ഡോ. ഉദയകുമാർ. സ്ഥലം സന്ദർശിച്ച ശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ റോഡ് വരുന്നതിന് മുൻപ് തന്നെ ഈ സ്ഥലം ഒരു താഴ്വരയാണ്. മൈലക്കാട് ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങി ഇവിടെ എത്തിയിട്ട് ഒരു കയറ്റം കയറി ആണ് റോഡ് കൊട്ടിയത്തേക്ക് പോകുന്നത്. പഴയ റോഡിൽ ഇവിടെ ഒരു കലുങ്ക് ഉണ്ടായിരുന്നു. അതിനടിയിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ആ നീരൊഴുക്ക്, കിഴക്ക് ഭാഗത്തു നിന്ന് പടിഞ്ഞാറോട്ട് ഒഴുകി ഇത്തിക്കരയാറിൽ ചേരുന്നു.
കലുങ്കിന്റെ കിഴക്കും പടിഞ്ഞാറും വയൽ ആയിരുന്നു , പടിഞ്ഞാറ് ഭാഗത്ത് വയൽ റോഡിനോട് ചേർന്നഭാഗം നികത്തിയതാണ്. കിഴക്ക് ഭാഗത്തെ വയൽ കൃഷി ചെയ്യാതെ ചതുപ്പ് പോലെ ആയി. നീരൊഴുക്കിലേക്കുള്ള ഇറക്കവും, അതിൽനിന്നുള്ള കയറ്റവും വരുന്ന ഭാഗത്താണ് ഇപ്പോൾ മണ്ണിട്ടുയർത്തി പുതിയ റോഡുണ്ടാക്കുന്നത്. പഴയ റോഡ് നിർമ്മിച്ചിരുന്നത് വെട്ടുകല്ലിനാൽ നിർമ്മിതമായ ചരിവിലാണ്. എന്നാൽ, താഴ്വര പ്രദേശത്ത് കറുത്ത നിറത്തിലുള്ള കളിമണ്ണ് ആണ്. താഴ്വരയുടെ അടിത്തട്ടിൽ, കളിമണ്ണിനടിയിൽ വെട്ടുകല്ല് ആണ്. വയൽപ്രദേശവും നീരൊഴുക്കും എല്ലാം കറുത്ത കളിമണ്ണിന് മുകളിലായാണ് വർഷങ്ങളായി നിലനിൽക്കുന്നത്.
ദശകങ്ങൾ പഴക്കമുള്ള കൊല്ലം-തിരുവനന്തപുരം റോഡിൽ വർഷങ്ങളായി വാഹനങ്ങൾ പോയപ്പോളൊന്നും ഈ താഴ്‌വാരറോഡിനൊന്നും സംഭവിച്ചില്ല. എന്നാൽ, പുതിയ റോഡിനായി താഴ്വരയിലെ കലുങ്കിനു മുകളിൽ 30 അടിയോളം ഉയരത്തിൽ മണ്ണിട്ട് പൊക്കി. ആ മൺകൂന ഏൽപ്പിച്ച ആഘാതം അടിയിലെ കളിമണ്ണിനെ ഞെക്കി അമർത്തി വെട്ടുകല്ലിന്റെ മുകളിൽ ലംബ ദിശയിൽ ബലം ഏൽപ്പിക്കുകയും പ്രതിരോധിക്കാനുള്ള ശക്തിനഷ്ടപ്പെട്ട്, താഴ്വരയുടെ അടിയിൽ, ആഴത്തിൽ അമർന്ന് ഇടിഞ്ഞു താഴുകയുമാണുണ്ടായത്.
മണ്ണിനടിയിലെ രണ്ട് ചരിവുകളിലൂടെ താഴ്വരയിലേക്ക് ഒഴുകുന്ന ഭൂജലവും, ജലപൂരിതമായ വെട്ടുകല്ലിന്റെ അവസ്ഥയും ബലക്ഷയത്തെ ത്വരിതപ്പെടുത്തി. കളിമണ്ണിനടിയിലെ ആഴത്തിലേക്കുള്ള ഇടിഞ്ഞു താഴൽ മൂലം പ്രദേശത്തെ സർവീസ് റോഡിലെയും ചുറ്റുമുള്ള സ്ഥലത്തെയും ഭൂമി പൊട്ടിപ്പോയി. ഭുചലനത്തിനു സമാനമായ പൊട്ടി മാറലാണ് ഉണ്ടായത്. സർവീസ് റോഡും കടന്ന് പുറത്തേയ്ക്ക് പോയി തൊട്ടടുത്ത പറമ്പിലെ ഭൂമി പോലും വിണ്ടുകീറിയത് അതുമൂലമാണന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇവിടം കളിമൺ താഴ്വരയാണന്ന് മനസിലാക്കിയുള്ള പുനർനിർമ്മാണമാണ് വേണ്ടതെന്നും ഉദയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

