ദേശീയപാത വികസനം; നീണ്ടകര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ
text_fieldsചവറ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിൽ എന്‍.കെ. പ്രേമചന്ദ്രന് എം.പി സംസാരിക്കുന്നു
കൊല്ലം: വേട്ടുതറ, നീണ്ടകര, പരിമണം, പുത്തന്‍തുറ പ്രദേശങ്ങളിലെ ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. ചവറ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ദേബപ്രസാദ് സാഹൂ ആണ് ഇക്കാര്യം അറിയിച്ചത്.
തെക്കുംഭാഗം പഞ്ചായത്തിൽ ഗതാഗതം സുഗമമാക്കാന്‍ വേട്ടുതറയില്‍ വാഹനഗതാഗത സൗകര്യമുള്ള വലിയ അടിപ്പാത, നീണ്ടകര ചര്‍ച്ചിന് സമീപം കാല്‍നടക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും പോകാന്‍ കഴിയുന്ന തരത്തിലുള്ള അടിപ്പാത, പരിമണം പുത്തന്‍തുറ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ തരത്തില്‍ അടിപ്പാത എന്നിവ നിര്‍മിക്കണമെന്നുള്ള പൊതുവായ ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.
തലച്ചുമടുമായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യവിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ക്കും സൗകര്യപ്രദമായ തരത്തില്‍ ചര്‍ച്ചിന് സമീപം നടപ്പാത വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. പരിമണം പുത്തന്‍തുറ പ്രദേശത്തെ ജനങ്ങള്‍ക്ക് ദേശീയപാതയുടെ ഇരുവശങ്ങളിലും എത്താന്‍ സൗകര്യമില്ലാത്ത സാഹചര്യം ഗുരുതരമാണെന്നും ദൈനംദിന ജീവിതത്തില്‍ നിരവധി പ്രാവശ്യം റോഡിന്റെ ഇരുഭാഗങ്ങളിലും എത്തേണ്ട ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ തരത്തില്‍ അടിപ്പാത നിർമിക്കണമെന്നുള്ള ആവശ്യവും യോഗം പരിഗണിച്ചു.
വേട്ടുതറയില്‍ അടിപ്പാത നിർമിക്കണമെന്നുണ്ടെങ്കില്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായം ആവശ്യമായതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ സാധ്യത സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് നടപടി സ്വീകരിക്കാനും എം.എല്‍.എ പ്രത്യേകം താൽപര്യമെടുക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
ഉയർന്നുവന്ന ആവശ്യങ്ങൾ നടപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ സാങ്കേതികവും ധനപരവും രൂപകല്പനാപ്രകാരമുള്ള പരിശോധനകള്‍ അടിയന്തരമായി നടത്തുമെന്നും ഉറപ്പുനല്‍കി. ചവറ മണ്ഡലത്തില്‍ കെ.എം.എം.എല്‍ ജങ്ഷന്, ഐ.ആര്.ഇ ജങ്ഷന്, നീണ്ടകര എന്നിവിടങ്ങളില്‍ വലിയ അടിപ്പാതകളുണ്ട്.
കുറ്റിവട്ടം, വെറ്റമുക്ക്, കൊറ്റന്‍കുളങ്ങര, ശങ്കരമംഗലം എന്നിവിടങ്ങളില്‍ അടിപ്പാത വേണമെന്ന എം.പിയുടെ ആവശ്യം പരിഗണിച്ച് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ദേശീയപാത റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചവറ, പന്മന പഞ്ചായത്തുകളില്‍ ഉണ്ടായിട്ടുള്ള വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ചവറയില്‍ ചേര്‍ന്ന യോഗ തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്‍.കെ. പ്രേമചന്ദ്രന് എം.പി അധ്യക്ഷത വഹിച്ചു. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സി.പി. സുധീഷ് കുമാര്‍, എസ്. സോമന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്, വൈസ് പ്രസിഡന്റ് പ്രഭാകരന് പിള്ള, നീണ്ടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജനി.
ഷാജി എസ്. പള്ളിപ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് വിമല്‍രാജ്, ജോയി ആന്റണി, പ്രിയ ഷിനു, വാര്‍ഡ് മെംബര്‍മാരായ ആഗ്നസ്, ഹെലന് രാജന്, ഷെര്‍ളി ഹെന്‍ട്രി, പ്രിയ ഷിനു, ബി. അനില്‍കുമാര്‍, എന്‍.എച്ച്.എ.ഐ ഡെപ്യൂട്ടി മാനേജര്‍ ടെക്നിക്കൽ കെ.വി. കൃഷ്ണറെഡ്ഡി, വിശ്വസമുദ്ര കണ്‍സ്ട്രക്ഷന്‍സ് എ.ജി.എം കെ.വി. അനില്‍കുമാര്‍, ലൈസണ്‍ ഓഫിസര്‍ വിശ്വസമുദ്ര അബ്ദുല്‍ സലാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

