ദേശീയപാത വികസനം; കെട്ടിടങ്ങൾ പൊളിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ
text_fieldsകൊട്ടിയം: ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ. കഴിഞ്ഞദിവസം കൊട്ടിയത്ത് പൊളിച്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണത് ജങ്ഷനിൽ പരിഭ്രാന്തി പടർത്തി. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്.
ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് നിന്ന കൂറ്റൻ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം. മൂന്ന് എക്സ്കവേറ്റർ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നതിനിടെ മുകൾഭാഗത്തുനിന്ന് ബീമുകളും കോൺക്രീറ്റും തകർന്നു വീഴുകയായിരുന്നു. 11 കെ.വി വൈദ്യുതി ലൈനുകൾ പൊട്ടി. രണ്ട് വൈദ്യുതി തൂണുകളും തകർന്നു. മൂന്ന് എക്സ്കവേറ്ററിനും കേടുപാടുണ്ടായി. വലിയ ശബ്ദവും ഉയർന്നുപൊങ്ങിയ പൊടിപടലവും പരിഭ്രാന്തിക്കിടയാക്കി. നൂറ് കണക്കിന് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. സ്വാതന്ത്ര്യദിനത്തിന്റെ അവധിയായതിനാൽ പരിസരത്ത് ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവാകുകയാരുന്നു.
ദേശീയപാത വീതികൂട്ടുന്നതിന് ഏറ്റെടുത്ത സ്ഥലങ്ങളിൽ മൂന്നും നാലും നിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഭാഗങ്ങളാണ് പൊളിച്ചുമാറ്റുന്നത്. കൊട്ടിയം ജങ്ഷനിൽ പകുതി പൊളിച്ചുമാറ്റിയ കെട്ടിടത്തിന് മുകളിൽ നിൽക്കുന്ന കൂറ്റൻ മൊബൈൽ ടവറും നാട്ടുകാർക്ക് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

