ദേശീയപാത അപകടം; തകർന്ന ഭാഗത്തെ മണ്ണ് നീക്കി തുടങ്ങി
text_fieldsറോഡ് തകർന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നു
കൊട്ടിയം: ദേശീയപാതയുടെ ഭാഗമായ ഉയരപ്പാതയും സർവീസ് റോഡും തകർന്നുവീണ മൈലക്കാട്ട് ഉയരപ്പാത തകർന്ന സ്ഥലത്ത് നിന്നും മണ്ണും മണ്ണ് നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്കുകളും നീക്കം ചെയ്തു തുടങ്ങി. മണ്ണ് നീക്കിയ ശേഷം എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വ്യക്തമാക്കാൻ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ തയ്യാറാകുന്നില്ല. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങളും നിരവധി ജെസിബികളും ഉപയോഗിച്ചാണ് മണ്ണ് നീക്കി തുടങ്ങിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇവിടെ നിന്നും എടുക്കുന്ന മണ്ണ് ലോറികളിൽ കയറ്റി മറ്റെവിടെയോ നിർമാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
റോഡ് നിർമാണത്തിന് ഉപയോഗിച്ച മണ്ണിന്റെ കുഴപ്പമാണ് റോഡ് തകർന്നു വീഴാൻ കാരണമായതെന്നാണ് വിദഗ്ധർ പറയുന്നത്. കായലിൽ നിന്നെടുത്ത മണ്ണ് കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ നിറച്ചാണ് റോഡ് നിർമിക്കുന്നത്. മഴക്കാലത്ത് വെള്ളം മണ്ണിലേക്ക് ഇറങ്ങുമ്പോൾ സ്വാഭാവികമായി മണ്ണ് താഴുന്ന പ്രക്രിയ ഉണ്ടാകും. ഇത്തരത്തിൽവെള്ളം ഇറങ്ങി മണ്ണ് ഇരുന്നതാണ് കോൺക്രീറ്റ് സ്ലാബുകളും മണ്ണും താഴ്ന്ന് ഗർത്തം രൂപപ്പെടാൻ ഇടയാക്കിയതെന്ന് സ്ഥലം സന്ദർശിച്ച എൻജിനിയറിംഗ് വിദഗ്ധർ പറയുന്നു. പരിസ്ഥിതിപഠനം നടത്താതെയും, പ്രദേശവാസികളുടെ എതിർപ്പ് വകവെക്കാതെയുമാണ് റോഡ് നിർമാണം നടത്തിയത്. തകർന്ന സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികളാണ് ഊർജിതമായി നടക്കുന്നത്.
അപകടകാരണം കലുങ്ക് തകർന്നതെന്ന് പ്രാഥമിക വിലയിരുത്തൽ
കൊട്ടിയം : മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞുതാഴുന്നതിന് കാരണമായത് ഉയരപ്പാതക്ക് താഴെയുള്ള കോൺക്രീറ്റ് കലുങ്ക് തകർന്നതെന്ന് പ്രാഥമിക നിഗമനം. കലുങ്കിന് മുകൾഭാഗത്തെ കോൺക്രീറ്റ് പൂർണമായും ഇടിഞ്ഞുതാഴ്ന്നതോടെ 30 അടിയിലേറെ ഉയരത്തിൽ നിർമ്മിച്ച ഉയരപ്പാത ഒന്നടങ്കം താഴേക്ക് ഇരിക്കുകയായിരുന്നു. ഉയരപ്പാത തകർന്നതോടെ സർവീസ് റോഡ് അടക്കം തഴുത്തല ഏലായിലെ ചതുപ്പിലേക്ക് നീങ്ങി മാറി. കലുങ്കിന് അടിയിൽ കൂടി കടന്നു പോകുന്ന 300 എം.എം. ജലവിതരണക്കുഴൽ സോക്കറ്റിൽ നിന്നും ഊരി സർവീസ് റോഡിനൊപ്പം അഞ്ച് മീറ്ററോളം നിരങ്ങി മാറി.
തൊളിക്കോട് പമ്പ് ഹൗസിൽ വ്യാഴാഴ്ച മുതൽ ഇലക്ട്രിക്കൽ പാനൽ ബോർഡിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പമ്പിങ് നിറുത്തിവച്ചിരിക്കുകയായിരുന്നു. അതു കൊണ്ട് ഇതു വഴിയുളള ജലവിതരണക്കുഴലിൽ ജലവിതരണം ഇല്ലായിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. 300 എം.എം. പൈപ്പ് തകർന്ന് വെള്ളം കുതിച്ചെത്തിയിരുന്നെങ്കിൽ റോഡിൽ കുടുങ്ങി പോയ വാഹനങ്ങളടക്കം ഒലിച്ച് സമീപത്തെ ചതുപ്പിൽ പതിച്ചേനെ.
പനംകുറ്റിമലജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ് ശനിയാഴ്ച രാവിലെ പുനരാരംഭിച്ചു. റോഡ് തകർന്ന സ്ഥലത്തെ ജലവിതരണക്കുഴൽ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇത്തിക്കരയിൽ നിന്നും കൊട്ടിയം ഭാത്തേയ്ക്കുള്ള വാൽവ് അടച്ചിരിക്കുന്നതിനാൽ കൊട്ടിയം ഗുരുമന്ദിരം, കാരിക്കുഴി, കൊല്ലം കോർപ്പറേഷൻ പഴയാറ്റിൻകുഴി ജലസംഭരണികളിൽ നിന്നും ജലവിതരണം മുടങ്ങിയിരിക്കുകയാണ്. തകർന്ന കലുങ്കിന് പുറത്തു ജലവിതരണക്കുഴൽ സ്ഥാപിച്ച് ജലവിതരണം നടത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സർവ്വീസ് റോഡിനോട് ചേർന്ന് നിർമ്മിച്ച കൂറ്റൻ ഓടയും തകർന്നു. ഏലായിൽ 100 മീറ്ററോളം ഉള്ളിലോട്ട് വിള്ളലുണ്ടായി.അശാസ്ത്രീയമായാണ് തോട് കടന്നു പോകുന്നതിന് കലുങ്ക് നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ട് ഘട്ടങ്ങളിലായിരുന്നു കലുങ്ക് നിർമ്മാണം. തോട്ടിൽ മഴയത്ത് ആയിരുന്നു കലുങ്കിന്റെ കോൺക്രീറ്റിംഗ് നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

