Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാത 183: 24...

ദേശീയപാത 183: 24 മീറ്ററിൽ തന്നെ വികസിപ്പിക്കണം -കൊടിക്കുന്നിൽ സുരേഷ് എം.പി

text_fields
bookmark_border
ദേശീയപാത 183: 24 മീറ്ററിൽ തന്നെ വികസിപ്പിക്കണം -കൊടിക്കുന്നിൽ സുരേഷ് എം.പി
cancel
camera_alt

കൂ​രി​യാ​ട് മേ​ൽ​പാ​ല​ത്തി​ലൂ​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ

കൊല്ലം: കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനം 24 മീറ്റർ വീതിയിൽ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. ദേശീയപാതയുടെ വീതി 24 മീറ്ററിൽ നിന്ന് 20 മീറ്ററായി ചുരുക്കാനുള്ള നീക്കങ്ങൾ ഭാവിയിൽ വലിയ ഗതാഗത, സുരക്ഷാ, വികസനപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിഷയത്തിൽ ഇടപെട്ടത്.

കൊല്ലം ബൈപാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ വരുന്ന ദേശീയപാത-183 വികസനപദ്ധതിക്ക് 1663.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതി നിർണായകഘട്ടത്തിലേക്ക് കടന്നത്. നാല് വരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിക്ക് ആദ്യം 24 മീറ്റർ വീതിയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഭൂമിയെടുപ്പും പൊളിച്ചുമാറ്റലും കുറക്കുന്നതിനായി പദ്ധതിയെ 20 മീറ്റർ റൈറ്റ് ഓഫ് വേയിൽ ഒതുക്കണമെന്ന നിർദേശം ഉയർന്നതോടെയാണ് വ്യാപക പ്രതിഷേധവും ആശങ്കയും ഉയർന്നത്.

വിഷയത്തിൽ തുടക്കം മുതൽ തന്നെ ഇടപെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി, കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന ചരക്ക്-യാത്രാപാത ഭാവിയിൽ അതിവേഗ ഗതാഗത വളർച്ച നേരിടുന്ന കോറിഡോറായി മാറുമെന്നും അതിനാൽ 24 മീറ്റർ വീതി നിലനിർത്തുന്നത് അനിവാര്യമാണെന്നും എം.പി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

ജനപ്രതിനിധികളുടെ സാന്നിധ്യത്തിലുണ്ടായ, 24 മീറ്ററിൽ റോഡിന്റെ നിർമാണം നടത്താനുള്ള യോഗതീരുമാനം അട്ടിമറിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുമരാമത്ത് ദേശീയപാത വിഭാഗം തയാറാക്കിയ സാങ്കേതിക റിപ്പോർട്ടിലും 20 മീറ്റർ വീതി നിരവധി പ്രായോഗിക-സുരക്ഷാപരിമിതികൾ സൃഷ്ടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. സാധാരണ ദേശീയപാത നാലുവരിപ്പാത വികസനത്തിന് ഇന്ത്യൻ റോഡ്സ് കോൺഗ്രസ് മാനദണ്ഡപ്രകാരം 30 മുതൽ 45 മീറ്റർ വരെ റൈറ്റ് ഓഫ് വേ ആവശ്യമാണ്. എന്നാൽ ജനവാസമേഖലകൾ കൂടുതലുള്ളതിനാൽ 24 മീറ്ററിൽ പദ്ധതി നടപ്പാക്കാനായിരുന്നു മുൻധാരണ. അതിനെ വീണ്ടും 20 മീറ്ററാക്കി ചുരുക്കുന്നത് ദേശീയപാതയുടെ ഭാവിശേഷിയെ ബാധിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

20 മീറ്റർ വീതിയിൽ നാല് വരിപ്പാത ക്രമീകരിക്കുമ്പോൾ ഓരോ ലെയിനിനും 3.5 മീറ്റർ വീതിയിൽ നാല് ലൈനുകൾക്കായി മാത്രം 14 മീറ്റർ ആവശ്യമായി വരും. മധ്യഭാഗത്തെ മീഡിയൻ/ക്രാഷ് ബാരിയറിന് ഒരു മീറ്ററും ഇരുവശങ്ങളിലുമുള്ള ഷോൾഡറുകൾക്കും നടപ്പാതകൾക്കുമായി ഏകദേശം രണ്ട് മീറ്ററും ഡ്രെയിനേജിനും യൂട്ടിലിറ്റി കോറിഡോറുകൾക്കുമായി മൂന്ന് മീറ്ററും വേണം. ഇതോടെ ഭാവി വികസനത്തിനോ സർവിസ് റോഡുകൾക്കോ അധിക സുരക്ഷാ മേഖലകൾക്കോ സ്ഥലം ലഭിക്കാത്ത അവസ്ഥയാകും.

20 മീറ്റർ വീതിയിലുള്ള പാതയിൽ സർവിസ് റോഡുകൾ ഒഴിവാക്കേണ്ടി വരുമെന്നും പ്രാദേശിക ഗതാഗതം നേരിട്ട് പ്രധാന പാതയിലേക്ക് ലയിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ റോഡരികിലെ വൈദ്യുതി, കുടിവെള്ളം, ടെലികോം തുടങ്ങിയ യൂട്ടിലിറ്റി സംവിധാനങ്ങൾ ക്രമീകരിക്കുന്നതിലും വലിയ ബുദ്ധിമുട്ടുകൾ നേരിടും.

പാതയോര വ്യാപാരസ്ഥാപനങ്ങൾക്കും പാർക്കിങ് സൗകര്യങ്ങൾക്കും മതിയായ സ്ഥലം ലഭിക്കാത്തത് ഭാവിയിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

20 മീറ്റർ വീതിയിൽ പദ്ധതി നടപ്പാക്കിയാൽ നഗരമേഖലകളിൽ വാഹനവേഗം 40 മുതൽ 60 കിലോമീറ്റർ വരെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സുരക്ഷാ ക്ലിയർ സോൺ പരിമിതപ്പെടുമെന്നും സാങ്കേതിക റിപ്പോർട്ട് വ്യക്തമാക്കുന്നു. മീഡിയൻ ഭാഗത്ത് ആവശ്യമായ വീതി ലഭിക്കാത്തതിനാൽ കോൺക്രീറ്റ് ക്രാഷ് ബാരിയറുകൾ നിർബന്ധമാകുകയും അതുവഴി റോഡിന്റെ ഭാവി വികസനസാധ്യതകൾ വീണ്ടും പരിമിതപ്പെടുകയും ചെയ്യും.

അതേസമയം 24 മീറ്റർ വീതി നിലനിർത്തിയാൽ ആവശ്യമായ പേഡ് ഷോൾഡറുകൾ, മീഡിയൻ, നടപ്പാത, യൂട്ടിലിറ്റി കോറിഡോറുകൾ എന്നിവ ക്രമീകരിക്കാനും ഭാവിയിലെ ഗതാഗത വർധനക്കനുസരിച്ച് ദേശീയപാത സുരക്ഷിതമായി വികസിപ്പിക്കാനും കഴിയുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം കഴിഞ്ഞദിവസം റിപ്പോർട്ട് നൽകി. പിന്നീട് വീണ്ടും ഭൂമിയെടുപ്പും വൻതോതിലുള്ള ചെലവും ഒഴിവാക്കാനാകുന്നതും 24 മീറ്റർ വീതിയുടെ പ്രധാന ഗുണമായാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളുടെ സുരക്ഷയും പ്രദേശത്തിന്റെ ദീർഘകാല വികസനവും മുൻനിർത്തിയാണ് ദേശീയപാത 24 മീറ്ററിൽ തന്നെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് എം.പി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ തുടർ ഇടപെടലുകൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsNational HighwayKollamKodikunnil Suresh MP
News Summary - National Highway 183: Should be expanded within 24 meters - Kodikunnil Suresh MP
Next Story