മുട്ടറ മരുതിമല; ഇക്കോ ടൂറിസത്തിനായി പാറ പൊട്ടിക്കൽ തകൃതി
text_fieldsഇക്കോ ടൂറിസത്തിന്റെ നിർമാണ പ്രവർത്തനത്തിനായി മുട്ടറ മരുതിമലയിൽ പാറ പൊട്ടിച്ചനിലയിൽ
കൊട്ടാരക്കര: ഇക്കോടൂറിസ നിർമാണ പ്രവർത്തനത്തിന്റെ പേരിൽ മുട്ടറ മരുതിമലയിൽ പാറ പൊട്ടിക്കൽ തുടരുന്നു. നിലവിലുള്ള വൃക്ഷങ്ങളും ഔഷധച്ചെടികളും പാറക്കൂട്ടങ്ങളും നശിപ്പിക്കാതെ വേണം മരുതിമലയിൽ പാറ പൊട്ടിക്കാൻ. എന്നാൽ, ഈ നിയമം കാറ്റിൽ പറഞ്ഞി ഇക്കോ ടൂറിസത്തിന്റെ തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് ഖനനം നടക്കുന്നത്.
2007ലാണ് ഇടതുസർക്കാർ മരുതിമലയെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആദ്യഘട്ടത്തിനായി 25 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ പണം ഉപയോഗിച്ച് മലമുകളിൽ ചെറിയ കെട്ടിടങ്ങൾ പണിതും വൈദ്യുതി എത്തിച്ചുമുള്ള പ്രവർത്തനങ്ങളാണ് നടന്നത്. പിന്നീട് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മരുതിമല മാറി.
മലമുകളിൽ പണിത കെട്ടിടങ്ങൾ സാമൂഹികവിരുദ്ധർ ഭാഗികമായി നശിപ്പിച്ചു. തുടർന്ന് വർഷങ്ങളായി നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. വെളിയം പഞ്ചായത്ത് അധികൃതർ 15ലക്ഷം രൂപ മുടക്കിയാണ് ഭാഗികമായി തകർത്ത ചെറിയ കെട്ടിടങ്ങൾ പിന്നീട് പുനർനിർമിച്ചത്. ഫലവൃക്ഷ തൈകളും മലമുകളിൽ നട്ടിരുന്നു. വാനരന്മാരെ സംരക്ഷിക്കാനായാണ് 2010 ൽ ഫലവൃക്ഷ തൈകൾ നട്ടത്. എന്നാൽ, തൈകൾ പരിപാലിക്കാത്തതിനാൽ വേനലിൽ പൂർണമായും നശിച്ചു. മലമുകളിലെ അഞ്ഞൂറോളം വാനരന്മാർക്ക് ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കാൻ ഒരുങ്ങി. ഇത് നാട്ടുകാർക്ക് തലവേദനയായി.
2020ൽ ആദ്യഘട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. ശേഷം രണ്ടാംഘട്ടത്തിനായി 50 ലക്ഷം രൂപ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മരുതിമലക്കായി അനുവദിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മലമുകളിൽ വേലികെട്ടൽ, മലമുകളിൽ എത്താനുള്ള സൗകര്യം എന്നിവ നടപ്പാക്കി. ഇപ്പോൾ കവാടം, നിരവധി കെട്ടിടങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ നിർമാണ പ്രവർത്തനത്തിനാണ് ഇക്കോ ടൂറിസം പദ്ധതിക്ക് യോജിക്കാത്ത രീതിയിൽ മലയുടെ ഒരു വശത്തായി പാറ ഖനനം ചെയ്യുന്നത്.
ദിവസം നൂറ് കണക്കിനുപേരാണ് മരുതിമല സന്ദർശിക്കുന്നത്. മലമുകളിലെ പ്രകൃതിക്ക് കോട്ടം തട്ടാതെയും പാറ ഖനനം ചെയ്യാതെയും ഇക്കോടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

