മുതുപിലാക്കാട് സംഘർഷം, വ്യാപക അക്രമം
text_fieldsശാസ്താംകോട്ട: മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങൾ പ്രദേശത്ത് തുടർച്ചയായ സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നു. ബി.ജെ.പി - സി.പി.എം സംഘർഷത്തിന്റെ ഭാഗമായി പ്രദേശത്ത് അക്രമസംഭവങ്ങളും അരങ്ങേറി. കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം മണിക്കൂറുകളോളം പ്രദേശത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ക്ഷേത്ര വഞ്ചിയും അതിൽ സ്ഥാപിച്ചിരുന്ന കൃഷ്ണ വിഗ്രഹവും നശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്ന കൊടിതോരണങ്ങളും ഭക്തജന കൂട്ടായ്മ സ്ഥാപിച്ചിരുന്ന ആനയുടെ പ്രതിമയും നശിപ്പിച്ചവയിൽ പെടും. സൈനികന്റേത് ഉൾപ്പെടെ രണ്ട് വീടുകളും അടിച്ചു തകർത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് ആരോപണം.
ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് കാറിലും സ്കൂട്ടറിലുമായി എത്തിയ അക്രമി സംഘം മുതുപിലക്കാട് പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിട്ടത്. അതുവഴി വന്നവർ അക്രമം നടത്തുന്നത് കണ്ട് വാഹനം നിർത്തിയെങ്കിലും വടിവാൾ വീശി അക്രമി സംഘം ഇവരെയും ഭയപ്പെടുത്തിയതായാണ് ആരോപണം. കൂടുതൽ ആളുകൾ വന്നതോടെ കാറിൽ രക്ഷപ്പെട്ട സംഘത്തെ നാട്ടുകാർ പിന്തുടർന്നു. തുരുത്തിക്കരയിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഘം വീട്ടിൽ ഒളിച്ചു. വീടിനുള്ളിലും കാറിലും ഒളിപ്പിച്ച വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.
സൈനികൻ അശോക് കുമാർ, ഇന്ദ്രജിത്ത് എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. രണ്ട് വീടുകളുടെയും ജനൽ ചില്ലകളും, പുറത്തുണ്ടായിരുന്ന കസേരകളും ചെടിച്ചട്ടികളും അടിച്ചു നശിപ്പിച്ചു. അശോകന്റെ വീട്ടുമുറ്റത്ത് സ്കൂട്ടറും നശിപ്പിച്ച നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അരവിന്ദ് ഉൾപ്പെടെ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും രണ്ട് ബി.ജെ.പി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെ കോടതി റിമാൻഡ് ചെയ്തു. ശാസ്താംകോട്ട പൊലീസ് നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പൂക്കളം ഒരുക്കിയത് വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

