കടപ്പാക്കടയെ ഞെട്ടിച്ച് കൊലപാതകം; കൊലപാതകത്തിലേക്ക് നയിച്ചത് മകന്റെ മാനസിക വിഭ്രാന്തിയെന്ന് സംശയം
text_fieldsകൊല്ലം: കടപ്പാക്കട അക്ഷയനഗറിനെ ഞെട്ടിച്ച് കൊലപാതകം. മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ മകന്റെ മാനസിക വിഭ്രാന്തിയും അക്രമവുമാണ് അഭിഭാഷകനായ പിതാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീനിവാസപിള്ളയും മകൻ വിഷ്ണുവും മാത്രമായിരുന്നു രണ്ടുദിവസമായി വീട്ടിലുണ്ടായിരുന്നത്.
വിഷ്ണുവും അച്ഛനും അമ്മയുമായി നിരന്തരം വഴക്കുണ്ടായിരുന്നെന്നും വീട്ടിൽനിന്നും വലിയ ബഹളങ്ങൾ കേൾക്കുമായിരുന്നെന്നും മാതാപിതാക്കളെ വിഷ്ണു ആക്രമിക്കുമായിരുന്നെന്നും അയൽവാസികൾ പറഞ്ഞു. മൂന്നുദിവസം മുമ്പുണ്ടായ വഴക്കിനെത്തുടർന്നാണ് മാതാവ് രമ തിരുവനന്തപുരത്ത് താമസിക്കുന്ന മകൾ വിദ്യയുടെ വീട്ടിലേക്ക് പോയത്. ശനിയാഴ്ച ഉച്ചക്ക് രമ, സഹോദരി വിദ്യ, ഭർത്താവ് കൃഷ്ണചന്ദ്രൻ എന്നിവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റും വാതിലും പൂട്ടിയ നിലയിൽ കണ്ടത്. ഇവർ െപാലീസിൽ അറിയിച്ചു. മതിൽ ചാടിക്കടന്നാണ് പൊലീസ് വീട്ടിലേക്ക് പ്രവേശിച്ചത്.
നാളുകൾക്ക് മുമ്പ് വിഷ്ണുവിന് എസ്.ബി.ഐയിൽ പ്രൊബേഷനറി ഓഫിസറായി ജോലി ലഭിച്ചിരുന്നു. ബി.ടെക് ബിരുദധാരിയും എം.ബി.എക്കാരനുമായ വിഷ്ണു ഇതിൽ തൃപ്തനല്ലായിരുന്നതിനാൽ ഒരുമാസത്തിനുശേഷം ജോലി രാജിവെച്ചിരുന്നു. വിഷ്ണുവിന് തന്റെ കരിയർ ആശിച്ചനിലയിൽ എത്താത്തതിലുള്ള നിരാശയിലായിരുന്നു. മകന്റെ ഇത്തരത്തിലുള്ള മാനസിക വിഭ്രാന്തിയെത്തുടർന്ന് വിവിധ സംരംഭങ്ങളുടെ ബോർഡുകൾ ശ്രീനിവാസപിള്ള വീടിന് മുന്നിൽ സ്ഥാപിച്ചിരുന്നു.
അടുത്തിടെ വീടിന് മുന്നില്‍ വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട കൊല്ലം കോർപറേഷൻ നികുതി അടക്കുന്നത് ആവശ്യപ്പെട്ടപ്പോഴാണ് സ്ഥാപനങ്ങളൊന്നും നിലവിലില്ലെന്നും ഇവയൊന്നും യഥാർഥത്തിലുള്ളതല്ലെന്നും മകനുവേണ്ടി ശ്രീനിവാസപിള്ള സ്ഥാപിച്ചിട്ടുള്ളതാണെന്നും രമ കൗൺസിലറെ അറിയിച്ചത്.
വിഷ്ണു ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയശേഷം രണ്ടാമതൊരാളെ രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് ഈ വിവാഹവും നിയമപരമായി വേർപെടുത്തിയതായും അയൽവാസികൾ പറയുന്നു. രണ്ടുവർഷം മുമ്പ് വിഷ്ണു വീടിന് മുകളില്‍നിന്ന് ചാടി ആത്മഹത്യശ്രമം നടത്തുകയും കാലൊടിഞ്ഞിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
വീടിന് മുറ്റംനിറയെ വെൽഡിങ്ങിനായുള്ള ഇരുമ്പുപൈപ്പുകളും കേഡറുകളും അടുവെച്ചിരിക്കുകയാണ്. വിഷ്ണു സ്വന്തമായാണ് വീട്ടിലെ വെൽഡിങ് വർക്കുകൾ ചെയ്തിരുന്നത്. രണ്ടുവർഷത്തിലേറെയായി അയൽവാസികളുമായി ശ്രീനിവാസപിള്ളക്കും കുടുംബത്തിനും വലിയ സഹകരണമുണ്ടായിരുന്നില്ല.
ആരെയും അധികം പുറത്തേക്ക് കാണില്ലായിരുന്നു. ചില ദിവസങ്ങളിൽ വിഷ്ണു പുറത്തിരുന്ന് പുകവലിക്കുന്നത് കാണാമായിരുന്നെന്നും അയൽവാസികളാരുമായും സംസാരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. രണ്ടുദിവസത്തിന്മുമ്പ് വീട്ടിൽ എന്തോ പാർട്ടി നടത്തിയിരുന്നതായും ഇതിൽ ആരും പങ്കെടുത്തിരുന്നില്ലെന്നും വലിയ ശബ്ദത്തിൽ പാട്ട് വെച്ചിരുന്നതായും മകന്റെ നിർബന്ധത്തിനുവഴങ്ങിയാവാം പാർട്ടി നടത്തിയതെന്നും അയൽവാസികൾ പറയുന്നു.
വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയും വീട്ടിൽനിന്ന് ഗ്ലാസ് പൊട്ടുന്നതുൾപ്പെടെയുള്ള ശബ്ദം കേട്ടതായും വീടിന് സമീപം താമസിക്കുന്നവർ പറയുന്നു. കൊല്ലം നഗരത്തിലെ സമ്പന്ന കുടുംബങ്ങളിലൊന്നായിരുന്നു ശ്രീനിവാസപിള്ളയും കുടുംബവും. കൊല്ലത്തെ അറിയപ്പെടുന്ന സർക്കാർ കേൺട്രാക്ടറായിരുന്ന കെ.പി.പി. പത്മനാഭപിള്ളയുടെ മകനാണ് ശ്രീനിവാസപിള്ള. 11 ആനകൾ വരെയുള്ള കുടുംബമായിരുന്നെന്നും സാമ്പത്തിക കാര്യങ്ങളിലുണ്ടായ തർക്കമായിരിക്കില്ല കൊലപാതകത്തിന്റെ പിന്നിലെന്നും അയൽവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

