വർക്ഷോപ് ജീവനക്കാരന്റെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം
text_fieldsസനൽ
ചടയമംഗലം: വർക്ഷോപ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ചടയമംഗലം പോരേടത്ത് വർക്ഷോപ് ജീവനക്കാരനായ കലേഷിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടയ്ക്കോട് പന്നവിള പാറവിള വീട്ടിൽ സനൽ (31) ആണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഭീമ പി.എമ്മാണ് പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു വർഷംകൂടി കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ അധികതടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. 2024 മാർച്ച് മൂന്ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കലേഷിന്റെ അടുത്ത ബന്ധുവാണ് പ്രതി. പ്രതിയുടെ ഭാര്യയും കലേഷും തമ്മിൽ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നത്. പ്രതി രണ്ട് ദിവസം മുമ്പ് തന്നെ തയാറെടുപ്പുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. തന്റെ സ്കൂട്ടറിൽനിന്ന് കുപ്പിയിൽ പെട്രോൾ ശേഖരിച്ച് സംഭവംനടന്ന ദിവസം കുപ്പിയിലുണ്ടായിരുന്ന പെട്രോൾ ഒരു ബക്കറ്റിലാക്കി വർക്ഷോപ്പിന്റെ സമീപത്ത് കൊണ്ടുവെച്ചു.
ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം വർക്ഷോപ്പിലേക്ക് തിരികെ എത്തിയ കലേഷിന്റെ ദേഹത്ത് പ്രതി പെട്രോളൊഴിച്ചു. പുറത്തേക്കോടിയ കലേഷിനെ പിന്തുടർന്ന പ്രതി, തയാറാക്കി വെച്ചിരുന്ന ചെറിയ കമ്പിൽ കോട്ടൺ വേസ്റ്റ് ചുറ്റിയുണ്ടാക്കിയ പന്തംകത്തിച്ച് കലേഷിന്റെ ദേഹത്തേക്കെറിഞ്ഞു. ഗുരുതര പൊള്ളലേറ്റ കലേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു.
ചടയമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഡി. ഷിബുകുമാർ, എസ്.ഐ അലക്സാണ്ടർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷാദ് നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ. നിയാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

